'പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്ക് തീര്‍ക്കാന്‍ വരരുത്', സി.പി.എമ്മിന് എതിരെ വി. മുരളീധരന്‍

തിരുവല്ല പെരിങ്ങരയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി പി.ബി. സന്ദീപ് കുമാറിന്റെ കൊലപാതകത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്ക് തീര്‍ക്കാന്‍ വരരുതെന്ന് അദ്ദേഹം പറഞ്ഞു. സന്ദീപിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്നും, ബിജെപിക്കും ആര്‍എസ്എസിനും ഇതില്‍ പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാലാ ബിഷപ്പിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

കേസില്‍ പൊലീസ് അന്വേഷണത്തെ അട്ടിമറിക്കാനാണ് സിപിഎം ശ്രമം. സന്ദീപിന്റേത് രാഷ്ടീയ കൊലപാതകമല്ല, വ്യക്തി വൈരാഗ്യമാണെന്നാണ് ആദ്യം പൊലീസ് പറഞ്ഞിരുന്നത്. സത്യം പറഞ്ഞ പൊലീസിനെ സിപിഎം ഭീഷണിപ്പെടുത്തി കേസില്‍ എഫ്‌ഐആര്‍ തിരുത്തിച്ചുവെന്ന് മുരളീധരന്‍ പറഞ്ഞു. തിരുവല്ലയില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല. കേസില്‍ പ്രതിയായ ഒരാള്‍ യുവമോര്‍ച്ചയില്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇയാള പിന്നീട് ലഹരിക്കേസില്‍ പാര്‍ട്ടി പുറത്താക്കിയിരുന്നു. കേസില്‍ അകപ്പെട്ടവര്‍ സിപിഎം പ്രവര്‍ത്തകാണെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ അനാവശ്യമായി ആര്‍എസ്എസിനെ വലിച്ചഴിക്കുകയാണ്.

പ്രതികളുടെ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കൊലപാതകം പാര്‍ട്ടിക്കകത്ത് തന്നെ ആസൂത്രണം ചെയ്തത് ആണോയെന്ന് അന്വേഷിക്കണം. തിരുവല്ലയില്‍ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ സിപിഎം അവസാനിപ്പിക്കണം. പത്തനംതിട്ട സിപിഐഎം കോടിയേരി പിരിച്ചു വിടണം. മുഖ്യമന്ത്രി മാഫിയകളേയും കഞ്ചാവ് വില്‍പനക്കാരേയും നിയന്ത്രിക്കാനുള്ള നടപടികളാണ് എടുക്കേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.

സന്ദീപിന്റെ കൊലപാതകം വളരെ ആസൂത്രിതമായി ബിജെപി ആര്‍എസ്എസ് നേതൃത്വം നടത്തിയതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നു. സിപിഎമ്മുകാര്‍ മരിച്ചാല്‍ വ്യജപ്രചാരണം നടത്തുന്നത് അവരുടെ പതിവാണ്. ആര്‍എസ്എസ് അക്രമരാഷ്ട്രീയം ഉപേക്ഷിക്കണം. സിപിഎമ്മിന്റേത് സമാധാനത്തിന്റെ പാതയാണ്. സമാധാന അന്തരീക്ഷം നിലനില്‍ത്താന്‍ വേണ്ടത് സിപിഎം ചെയ്യുമെന്നും, അത് പാര്‍ട്ടിയുടെ ദൗര്‍ബല്യമായി കണ്ട് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ ജനങ്ങള്‍ അതിനെതിരെ പ്രതിരോധം തീര്‍ക്കും. സന്ദീപിന്റെ കുടുംബത്തെ സിപിഎം സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.