കലോത്സവ വിവാദത്തില്‍ പ്രസ്താവന പിന്‍വലിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കലോത്സവത്തിന്റെ ഭാഗമായി നൃത്തം ചിട്ടപ്പെടുത്താന്‍ നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. എന്നാല്‍ മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ സംഭവം വലിയ വിവാദമായി തീരുകയായിരുന്നു.
എന്നാല്‍ നടിയുടെ പേര് വെളിപ്പെടുത്താതെയുള്ള മന്ത്രിയുടെ പരാമര്‍ശം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചു. മന്ത്രിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. വിഷയം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വലിയ വിവാദമായതിന് പിന്നാലെയാണ് മന്ത്രി പ്രസ്താവന പിന്‍വലിച്ച് രംഗത്തെത്തിയത്.
സംസ്ഥാന കലോത്സവത്തിന് മുമ്പ് വിവാദത്തിന് താത്പര്യമില്ലെന്ന് മന്ത്രി പറഞ്ഞു. കുട്ടികള്‍ക്ക് വിഷമം ഉണ്ടാകരുത്. വിഷയത്തില്‍ ഇനി ചര്‍ച്ചയില്ല. സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്‌കാരത്തിനായി ആരെയും ഏല്‍പിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പ്രമുഖ നടിയോട് ഏഴ് മിനുട്ടുള്ള നൃത്തം ചിട്ടപ്പെടുത്താമോ എന്ന് ചോദിച്ചിരുന്നുവെന്നും മന്ത്രി വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
Read more
നടിയുടെ പേര് വെളിപ്പെടുത്താതെയായിരുന്നു ശിവന്‍കുട്ടിയുടെ വിമര്‍ശനം. അവതരണ ഗാനത്തിനൊപ്പം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തുന്ന നൃത്താവിഷ്‌കാരം ഉണ്ട്. അതിന് കുട്ടികളെ പഠിപ്പിക്കാമോ എന്ന് ചോദിച്ചപ്പോള്‍ നടി സമ്മതിച്ചു. പിന്നാലെ അഞ്ച് ലക്ഷം രൂപ പ്രതിഫലം വേണമെന്നും പറഞ്ഞു. പണം കൊടുത്തുകൊണ്ട് നടിയെ കൊണ്ട് നൃത്തം പഠിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.