സംസ്ഥാനത്തെ വാക്‌സിൻ സ്ഥിതി വിലയിരുത്താൻ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചേർന്നെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമം രൂക്ഷമാണെന്ന് യോഗം വിലയിരുത്തി. വളരെ കുറച്ച് വാക്‌സിൻ മാത്രമാണിനി സ്റ്റോക്കുള്ളത്. പതിനൊന്നാം തിയതിയാണ് വാക്‌സിൻ വരുമെന്ന് കേന്ദ്രം അറിയിച്ചിട്ടുള്ളത്.
വാക്‌സിൻ ക്ഷാമം കാരണം പല വാക്‌സിനേഷൻ കേന്ദ്രങ്ങളും ചൊവ്വാഴ്ച പ്രവർത്തിക്കാൻ പറ്റാത്ത അവസ്ഥയാണുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിൽ വാക്‌സിൻ പൂർണമായും തീർന്ന അവസ്ഥയാണുള്ളത്. വാക്‌സിൻ സ്റ്റോക്കുള്ള കേന്ദ്രങ്ങളിൽ പൂർണമായും നൽകി തീർക്കുന്നതാണ്. ഇക്കാര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. എത്രയും വേഗം സംസ്ഥാനത്തിന് കേന്ദ്രം കൂടുതൽ വാക്‌സിൻ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ആരംഭിച്ച വാക്‌സിനേഷൻ യജ്ഞം വാക്‌സിൻ ലഭ്യമാകുന്ന മുറയ്ക്ക് ശക്തമാക്കാൻ നിർദേശം നൽകി. വാക്‌സിനേഷൻ വർദ്ധിപ്പിച്ച് പരമാവധി പേർക്ക് വാക്‌സിൻ നൽകാനാണ് ഈ യജ്ഞത്തിലൂടെ ശ്രമിക്കുന്നത്. ഘട്ടംഘട്ടമായിട്ടായിരിക്കും വാക്‌സിനേഷൻ യജ്ഞം നടപ്പിലാക്കുക. ആദ്യഘട്ടത്തിൽ 60 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്‌സിനെങ്കിലും നൽകുക എന്നതാണ് ലക്ഷ്യം. ഈ വിഭാഗത്തിലുള്ള 9 ലക്ഷത്തോളം ആൾക്കാരാണ് ഇനി ആദ്യ ഡോസ് വാക്‌സിനെടുക്കാനുള്ളത്.
അവർക്ക് ഓഗസ്റ്റ് 15നുള്ളിൽ തന്നെ ആദ്യ ഡോസ് വാക്‌സിൻ നൽകി തീർക്കാനും നിർദേശം നൽകി. പ്രതിദിനം 5 ലക്ഷത്തോളം പേർക്ക് വാക്‌സിൻ നൽകാൻ കഴിയുമെന്ന് സംസ്ഥാനം തെളിച്ചതാണ്. വാക്‌സിൻ ലഭ്യമാകുന്ന മുറയ്ക്ക് രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ഈ വിഭാഗത്തിന് പൂർണമായും ആദ്യ ഡോസ് വാക്‌സിൻ നൽകാൻ സാധിക്കുന്നതാണ്. ഇതിനായി പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
ഇന്ന് 2,49,943 പേർക്കാണ് വാക്‌സിൻ നൽകിയത്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 2,20,88,293 പേർക്കാണ് വാക്‌സിൻ നൽകിയത്. അതിൽ 1,56,63,417 പേർക്ക് ഒന്നാം ഡോസ് വാക്‌സിനും 64,24,876 പേർക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നൽകിയത്. 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് 44.63 ശതമാനം പേർക്ക് ഒന്നാം ഡോസും 18.3 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്‌സിൻ നൽകി.