വടക്കഞ്ചേരി ബസ് അപകടം; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍

വടക്കഞ്ചേരി ബസ് അപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പൊലീസ് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ഊട്ടിയിലേക്ക് വിദ്യാര്‍ത്ഥികളുമായി പോയ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസിക്ക് പിന്നില്‍ ഇടിച്ചുകയറി അഞ്ച് കുട്ടികള്‍ ഉള്‍പ്പടെ ഒമ്പത് പേര്‍ മരിച്ചിരുന്നു. അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ആലത്തൂര്‍ ഡിവൈഎസ്പി ആര്‍ അശോക് കോടതിയില്‍ ഹാജരാകും.

ടൂറിസ്റ്റ് ബസിന്റെ അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. അപകട സമയത്ത് കെഎസ്ആര്‍ടിസി, ടൂറിസ്റ്റ് ബസുകളിലെ യാത്രക്കാരുടെയും ബസിനെ മറികടന്ന് പോയ കാര്‍ ഡ്രൈവറുടെയും മൊഴിയെടുത്തു. മോട്ടാര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ടും ക്യാമറ ദൃശ്യങ്ങളും കോടതിയില്‍ ഹാജരാക്കും.

വേളാങ്കണ്ണി യാത്ര കഴിഞ്ഞ് പുലര്‍ച്ചെ മടങ്ങിയെത്തിയ ഡ്രൈവര്‍ രാത്രി വീണ്ടും വാഹനം ഓടിച്ചതായും ഇടതുവശത്തുകൂടി കാറിനെ മറികടക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത് ഗതാഗതമന്ത്രി ആന്റണി രാജുവിന് കൈമാറിയ പ്രഥമിക റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Read more

സംഭവശേഷം ഒളിവില്‍ പോയ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോനെ പൊലീസ് പിടികൂടി തെളിവെടുപ്പ് നടത്തിയിരുന്നു. ജോമോനെതിരെ നരഹത്യാക്കുറ്റവും ബസ് ഉടമ എസ് അരുണിനെതിരെ പ്രേരണക്കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്. ജോമോന്റെ രക്ത സാമ്പിളികള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്.