വടകര കാരവാന്‍ അപകടം; യുവാക്കളുടെ മരണകാരണം കണ്ടെത്തി എന്‍ഐടി സംഘം

കോഴിക്കോട് വടകരയില്‍ കാരവാനുള്ളില്‍ യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരണ കാരണം കാര്‍ബണ്‍ മോണോക്‌സൈഡാണെന്ന് കണ്ടെത്തല്‍. എന്‍ഐടി സംഘം നടത്തിയ പരിശോധനയിലാണ് യുവാക്കളുടെ മരണം കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

നേരത്തെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇതേ കാരണമാണ് കണ്ടെത്തിയിരുന്നത്. ജനറേറ്ററില്‍ നിന്ന് വിഷവാതകം കാരവാന്റെ പ്ലാറ്റ്‌ഫോമിലെ ദ്വാരം വഴി അകത്തെത്തി. രണ്ട് മണിക്കൂറിനുള്ളില്‍ 957 പിപിഎം അളവ് കാര്‍ബണ്‍ മോണോക്‌സൈഡാണ് വാഹനത്തില്‍ പടര്‍ന്നതെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചു.

ഡിസംബര്‍ 23ന് ആയിരുന്നു സംഭവം നടന്നത്. മലപ്പുറം വണ്ടൂര്‍ സ്വദേശി മനോജും കാസര്‍ഗോഡ് വെളരിക്കുണ്ട് സ്വദേശി ജോയലുമാണ് മരിച്ചത്.
വടകരയില്‍ ദേശീയപാതയോരത്ത് നഗരമദ്ധ്യത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന ചെയ്തിരുന്ന കാരവാനിലാണ് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വാഹനത്തിനുള്ളില്‍ എസി ഓണ്‍ ചെയ്ത് വിശ്രമിച്ചതായിരുന്നു യുവാക്കളുടെ ജീവന്‍ അപകടത്തിലാക്കിയത്. പൊലീസിനൊപ്പം ഫോറന്‍സിക് വിദഗ്ദ്ധരും കാരവാന്‍ നിര്‍മ്മിച്ച ബെന്‍സ് കമ്പനിയുടെ സാങ്കേതിക വിദഗ്ദ്ധരും എന്‍ഐടിയിലെ വിദഗ്ദ്ധ സംഘത്തിന്റെ പരിശോധനയുടെ ഭാഗമായിരുന്നു.