'ബി.ജെ.പിയാണ് പ്രധാന ഭീഷണി, ഇടതുപക്ഷത്തോട് കോണ്‍ഗ്രസിന് അലര്‍ജി ഒന്നുമില്ല', വക്കം പുരുഷോത്തമന്‍

ഇടതുപക്ഷവുമായി കോണ്‍ഗ്രസ് സഹകരിക്കണമെന്നും ബിജെപിക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍. ബിജെപിയാണ് പ്രധാന ഭീഷണി. ഇടതുപക്ഷത്തോട് കോണ്‍ഗ്രസിന് അലര്‍ജിയൊന്നുമില്ല. അവര്‍ക്ക് തങ്ങളോടാണ് അലര്‍ജിയെന്നും വക്കം മീഡിയാണ്ണിനോട് പറഞ്ഞു.

ബിജെപിയെ പരാജയപ്പെടുത്തുക അത്ര എളുപ്പമല്ല. മറ്റുള്ള കക്ഷികള്‍ ഒറ്റക്കെട്ടായി നിന്നാല്‍ മാത്രമേ ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയൂ. എല്ലാ സംസ്ഥാനത്തും കോണ്‍ഗ്രസാണ് പ്രധാന പാര്‍ട്ടി. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മാത്രമേ ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷവും അതിന് ഒപ്പം വേണം.

കെ വി തോമസിന്റെ കാര്യത്തില്‍ സിപിഎം ചെയ്തത് തെറ്റാണ്. മറ്റൊരു പാര്‍ട്ടിയിലെ ആളെ പിടിച്ച് അവരുടെ നേതാവാക്കുന്നത് ശരിയാണോ എന്ന് വക്കം ചോദിച്ചു.

കെ വി തോമസ് പോകുന്നതില്‍ സങ്കടമുണ്ട്. കോണ്‍ഗ്രസ് ഇപ്പോള്‍ ഡൈനാമിക്കായിട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. അത് കൊണ്ട് ചിലപ്പോള്‍ അബദ്ധങ്ങളും പറ്റുമെന്നും വക്കം പുരുഷോത്തമന്‍ പറഞ്ഞു.