വാളയാര്‍ കേസില്‍ പാലക്കാട് പോക്സോ കോടതി വിധി റദ്ദാക്കണമെന്നും കേസില്‍ പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഹരിപ്രസാദ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക. കേസ് അന്വേഷണത്തിലും വിചാരണയിലും ഗുരുതരമായ വീഴ്ച ഉണ്ടായെന്നാണ് ഹര്‍ജിയില്‍ പറയുന്നു.
ഒരു പെണ്‍കുട്ടിയുടെ മരണത്തിലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പീഡനം നടന്നെന്നു അനുമാനിക്കാനുള്ള തെളിവുകള്‍ ഉണ്ടായിട്ടും പൊലീസ് അത് അവഗണിച്ചെന്നു ഹര്‍ജിയില്‍ പറയുന്നു. കേസിലെ പ്രതികളായ പ്രദീപന്‍, മധു എന്നിവരെ വെറുതെ വിട്ട നടപടിയെ ചോദ്യം ചെയ്താണ് അപ്പീല്‍ ഫയല്‍ ചെയ്തിട്ടുള്ളത്.
കേരള പുലയര്‍ മഹാസസഭ (കെപിഎംഎസ്) ഏര്‍പ്പെടുത്തിയ അഭിഭാഷകനാണു കുട്ടികളുടെ അമ്മയ്ക്കായി ഹാജരാകുക. വിധിപ്പകര്‍പ്പു ലഭിച്ച് 20 ദിവസത്തിനകം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കേണ്ടതിനാല്‍ നേരത്തെ തിങ്കളാഴ്ച അപ്പീല്‍ നല്‍കാനാണു തീരുമാനിച്ചിരുന്നത്. കേസില്‍ സര്‍ക്കാര്‍ നിലപാടും നിര്‍ണായകമാകും. കുട്ടികളുടെ കുടുംബം അപ്പീല്‍ നല്‍കിയാല്‍ എതിര്‍ക്കില്ലെന്നു മുഖ്യമന്ത്രി നേരത്തെ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, അമ്മ നല്‍കുന്ന അപ്പീല്‍ പ്രോസിക്യൂഷനും എതിരായതിനാല്‍ ഇതോടൊപ്പം സര്‍ക്കാര്‍ നിലപാടും കോടതിയില്‍ ചോദ്യം ചെയ്യപ്പെടും.