കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). ഡോക്ടറുടെ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസിനെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും പുതിയ നിയമം ഓര്‍ഡിനന്‍സായി കൊണ്ടുവരണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
ആശുപത്രികളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കണം. ആശുപത്രി ആക്രമണങ്ങളില്‍ ഒരു മണിക്കൂറിനുള്ളില്‍ എഫ്‌ഐആര്‍ രേഖപ്പെടുത്തണം. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. ഒരു കൊല്ലത്തിനുള്ളില്‍ ശിക്ഷാവിധി പ്രഖ്യാപിക്കണം. പ്രത്യേക കോടതിയുടെ മേല്‍നോട്ടത്തില്‍ കുറ്റവിചാരണ നടത്തണം. വീഴ്ചവരുത്തുന്ന പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണം. ശിക്ഷാ കാലയളവിലും പിഴയിലും വര്‍ധന വരുത്തണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
അതോടൊപ്പം, ഡോക്ടര്‍മാരുടെ പണിമുടക്ക് തുടരുമെന്ന് ഐഎംഎ അറിയിച്ചു. ഡോക്ടര്‍മാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപക മിന്നല്‍ പണിമുടക്കിലാണ് ഡോക്ടര്‍മാര്‍. നാളെ രാവിലെ എട്ടു മണി വരെയാണ് സമരം. തുടര്‍ച്ചയായി ഉണ്ടാകുന്ന അക്രമസംഭവങ്ങളിലെ അമര്‍ഷവും ആരോഗ്യമന്ത്രിയുടെ പ്രസ്താവനയും പ്രതിഷേധങ്ങളുടെ ആക്കംക്കൂട്ടി.
ആരോഗ്യമന്ത്രിയുടെ എക്‌സ്പീരിയന്‍സ് പരാമര്‍ശവും ഡോക്ടര്‍മാരെ ചൊടിപ്പിച്ചു. ആലപ്പുഴയില്‍ ഡോക്ടര്‍മാര്‍ ആരോഗ്യമന്ത്രിയുടെ കോലം കത്തിച്ചു. ആരോഗ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് ആവശ്യം.