ചെന്നൈ കോഴിക്കോട് റൂട്ടില്‍ സ്‌പെഷ്യല്‍ വന്ദേഭാരത് എക്‌സ്പ്രസ് പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. ക്രിസ്മസ് പുതുവത്സര അവധികള്‍ കണക്കുകൂട്ടിയാണ് പുതിയ ട്രെയിന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ക്രിസ്മസ് ദിനത്തില്‍ പുലര്‍ച്ചെ 4.30-ന് ചെന്നൈയില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 3.30-ന് കോഴിക്കോട് എത്തിച്ചേരും. ചെയര്‍കാറിന് 1530 രൂപയും എകണോമിക് ക്ലാസിന് 3080 രൂപയുമാണ് ടിക്കറ്റ് ഈടാക്കുന്നത്. ട്രെയിന്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളി തന്നെ ടിക്കറ്റുകളില്‍ 90 ശതമാനവും വിറ്റുപോയിട്ടുണ്ട്.
ചെന്നൈയില്‍ നിന്നും കേരളത്തിലേക്കുള്ള എല്ലാ തീവണ്ടികളും ആഴ്ചകള്‍ക്ക് മുന്‍പേ തന്നെ വെയിറ്റിംഗ് ലിസ്റ്റായിരുന്നു. സ്വകാര്യബസുകളില്‍ 5000 രൂപ വരെയാണ് ക്രിസ്മസ് അവധി ദിനങ്ങളിലെ ടിക്കറ്റ് റേറ്റ്. കെഎസ്ആര്‍ടിസിയുടെ സെപ്ഷ്യല്‍ സര്‍വ്വീസുകളടക്കം ഇതിനോടക്കം ഫുള്‍ ബുക്കിംഗാണ്. ഈ സാഹചര്യത്തിലാണ് ആശ്വാസമായി സെപ്ഷ്യല്‍ വന്ദേഭാരത് സര്‍വ്വീസ് ദക്ഷിണ റെയില്‍വേ പ്രഖ്യാപിച്ചിരിക്കുന്നത്.
ചെന്നൈ-കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ശബരിമല സ്‌പെഷ്യല്‍ വന്ദേഭാരതിന്റെ റേക്കാണ് ചെന്നൈ കോഴിക്കോട് റൂട്ടിലേക്ക് എത്തുന്നത്. എട്ടു കോച്ചുളുള്ള റേക്കില്‍ ആറെണ്ണം ചെയര്‍കാറും രണ്ടെണ്ണം എകണോമിക് ക്ലാസുമായിരിക്കും.
Read more
കോഴിക്കോട് സര്‍വ്വീസ് അവസാനിപ്പിച്ച ശേഷം ട്രെയിന്‍ കൊങ്കണ് റെയില്‍വേയില്‍ ലൈനില്‍ കൂടിയുള്ള ട്രെയല്‍ റണിന് കൈമാറണമെന്നും ദക്ഷിണറെയില്‍വേ ആസ്ഥാനത്ത് നിന്നും പാലക്കാട് ഡിവിഷന്‍ നല്‍കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. ചെന്നൈ കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരതിന് പേരാമ്പൂര്‍, കാട്പാടി, സേലം, ഈറോഡ്, തിരുപ്പൂര്‍, പോഡനൂര്‍, പാലക്കാട്, ഷൊര്‍ണൂര്‍, തിരൂര്‍ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.