വന്ദേഭാരത് കേരളത്തില്‍ ഹിറ്റ്; മെയ് 14 വരെ ഫുള്‍ സീറ്റ് ബുക്കിംഗ്, ആറ് ദിവസം കൊണ്ട് നേടിയത് കോടികള്‍...

കേന്ദ്രത്തിന്റെ വന്ദേഭാരത് കേരളത്തില്‍ ഹിറ്റ്. സര്‍വീസ് തുടങ്ങി ആറ് ദിവസം കൊണ്ട് വന്ദേ ഭാരത് എക്‌സ്പ്രസിന് വരുമാനം രണ്ട് കോടി എഴുപത് ലക്ഷം രൂപയാണ്. കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്കുള്ള സര്‍വീസിലാണ് ടിക്കറ്റ് ഇനത്തില്‍ കൂടുതല്‍ വരുമാനം നേടിയത്.

വന്ദേഭാരത് തിരുവനന്തപുരത്ത് നിന്നും സര്‍വീസ് തുടങ്ങിയ ഏപ്രില്‍ 28 മുതല്‍ മെയ് 3 വരെയുള്ള കണക്കാണ് പുറത്ത് വന്നത്. കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്കുള്ള സര്‍വീസില്‍ ടിക്കറ്റ് ഇനത്തില്‍ 1 കോടി 17 ലക്ഷം രൂപയാണ് വരുമാനം.

ഏപ്രില്‍ 28 ന് തിരുവനന്തപുരം-കാസര്‍ഗോഡ് സര്‍വീസില്‍ 19.5 ലക്ഷം രൂപയാണ് ടിക്കറ്റ് ഇനത്തിലെ വരുമാനം. ഏപ്രില്‍ 29 ന് 20.30 ലക്ഷം, ഏപ്രില്‍ 30ന് 20.50 ലക്ഷം, മെയ് 1ന് 20.1 ലക്ഷം, മെയ് 2ന് 18.2 ലക്ഷം, മെയ് 3 ന് 18 ലക്ഷം എന്നിങ്ങനെയാണ് വരുമാന കണക്കുകള്‍.

തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോഡേക്കുള്ള സര്‍വീസില്‍ ശരാശരി 18 ലക്ഷം രൂപയാണ് ടിക്കറ്റ് കളക്ഷന്‍. ഈ കാലയളവില്‍ വന്ദേഭാരതില്‍ യാത്ര ചെയ്തത് 27,000 പേരാണ്. 31,412 ബുക്കിംഗാണ് ഉണ്ടായത്. മെയ് 14 വരെയുള്ള മുഴുവന്‍ ടിക്കറ്റുകളും ഇതിനകം വിറ്റ് പോയി.

Read more

വന്ദേഭാരതിന് പ്രതീക്ഷിച്ച വേഗമില്ലെന്നും മറ്റ് ട്രെയ്‌നുകള്‍ വന്ദേഭാരതിനായി പിടിച്ചിടുന്നു എന്നുമുള്ള ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ വന്ദേഭാരത് സമയക്രമം പാലിക്കുന്നുണ്ടെന്നും മറ്റ് ട്രെയ്‌നുകള്‍ വൈകാന്‍ കാരണം വന്ദേഭാരത് അല്ലെന്നും റെയില്‍വേ അറിയിക്കുന്നുണ്ട്.