വന്ദേഭാരത് എക്സ്പ്രസ് വഴിയിലായി; വാതില്‍ പോലും തുറക്കാനാകുന്നില്ലെന്ന് യാത്രക്കാര്‍

വാതില്‍ തുറക്കാന്‍ സാധിക്കാതെ വന്ദേഭാരത് എക്സ്പ്രസ് ഒരു മണിക്കൂറിലേറെയായി വഴിയില്‍ കുടുങ്ങി കിടക്കുന്നു. തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസാണ് ഷൊര്‍ണൂരിനടുത്ത് വഴിയിലായത്. ട്രെയിനിന്റെ വാതില്‍ തുറക്കാനാകാത്ത അവസ്ഥയാണ് നിലവിലുള്ളത്. കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിനാണിത്.

സാങ്കേതിക തകരാര്‍ ഉടന്‍ പരിഹരിച്ച് യാത്ര ആരംഭിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിക്കുന്നു. ട്രെയിന്‍ ഷൊര്‍ണൂര്‍ സ്റ്റേഷനിലെത്തി തൃശൂര്‍ ഭാഗത്തേക്ക് യാത്ര ആരംഭിച്ച് അല്‍പ്പ സമയത്തിനുള്ളില്‍ തന്നെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് പിടിച്ചിടുകയായിരുന്നു. ട്രെയിനിന്റെ ബാറ്ററിയുമായി ബന്ധപ്പെട്ട തകരാറാണിതെന്നാണ് പുറത്തുവരുന്ന വിവരം.

Read more

10 മിനിറ്റിനുള്ളില്‍ തകരാര്‍ പരിഹരിക്കുമെന്നാണ് ജീവനക്കാര്‍ യാത്രക്കാരോട് പറഞ്ഞതെങ്കിലും ഒരു മണിക്കൂറോളമായി പ്രശ്ന പരിഹാരമുണ്ടായിട്ടില്ല. തകരാര്‍ പരിഹരിക്കാനുള്ള ഊര്‍ജിതമായ ശ്രമങ്ങള്‍ തുടരുകയാണ്. ട്രെയിനിലെ വൈദ്യുത ബന്ധം ഇടയ്ക്കിടെ നിലയ്ക്കുന്നുണ്ട്. ഒന്ന് പുറത്തേക്ക് പോലും പോകാനാകാത്തത് വല്ലാത്ത ബുദ്ധിമുട്ടിലാക്കുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു.