വഞ്ചിയൂര്‍ വെടിവെയ്പ്പ് കേസ്; പിടിയിലായത് സ്വകാര്യ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍; ആക്രമണം ഷിനിയുടെ ഭര്‍ത്താവുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന്

വഞ്ചിയൂരില്‍ വീട്ടില്‍ കയറി യുവതിയെ വെടിയുതിര്‍ത്ത സംഭവത്തില്‍ പ്രതി പിടിയില്‍. കൊല്ലം സ്വകാര്യ മെഡിക്കല്‍ കോളജ് ഡോക്ടര്‍ ദീപ്തിയാണ് പിടിയിലായത്. ഓണ്‍ലൈന്‍ വഴി വാങ്ങിയ തോക്ക് ഉപയോഗിച്ചാണ് പ്രതി വെടിവെപ്പ് നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. വെടിയേറ്റ ഷിനിയുടെ ഭര്‍ത്താവുമായുള്ള പ്രശ്‌നമാണ് വെടിവെപ്പിന് കാരണമെന്ന് ദീപ്തി മൊഴി നല്‍കി.

രജിസ്റ്റേര്‍ഡ് കൊറിയര്‍ ഉണ്ടെന്ന് പറഞ്ഞ് ഷിനിയെ സമീപിച്ച പ്രതി ഷിനി തന്നെ ഒപ്പിട്ട് വാങ്ങണമെന്നും പറഞ്ഞു നിര്‍ബന്ധിച്ചതായി ദീപ്തി വെളിപ്പെടുത്തി. ഇതോടെ ഒപ്പിടുന്നതിന് പേനയെടുക്കാന്‍ അച്ഛന്‍ വീട്ടിനുള്ളിലേക്ക് കയറി. ഈ സമയം ഷിനി പുറത്തേക്ക് വരികയായിരുന്നു. ഷിനിയുടെ പേര് ചോദിച്ച് ഉറപ്പാക്കിയ ശേഷം ദീപ്തി വെടിയുതിര്‍ത്തു.

ആദ്യത്തെ വെടി ഷിനിയുടെ കൈയ്യിലും ബാക്കി രണ്ടെണ്ണം തറയിലുമാണ് പതിച്ചത്. അക്രമി എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് മൂന്ന് തവണ വെടിയുതിര്‍ത്തെന്നും ഒരിക്കല്‍ മുഖത്തേക്ക് വെച്ച ഷോട്ട് തടഞ്ഞപ്പോള്‍ ഷിനിയുടെ കൈപ്പത്തിയില്‍ വെടിയേറ്റെന്നും ഷിനിയുടെ ഭാര്യാപിതാവ് ഭാസ്‌കരന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ നിന്നാണ് ആക്രമണത്തിന് പിന്നില്‍ ദീപ്തിയാണെന്ന് വ്യക്തമായത്. കൃത്യമായ അന്വേഷണത്തെ തുടര്‍ന്ന് പ്രതിയോയെ തിരിച്ചറിഞ്ഞ പോലീസ് വൈകുന്നേരത്തോടെ കൊല്ലത്ത് എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വെടിയേറ്റ ഷിനിയുടെ കൈപ്പത്തിയില്‍ നിന്ന് ചോര വാര്‍ന്നൊഴുകുകയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കയും ചെയ്തു. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ഷിനിയുടെ കയ്യില്‍ നിന്നും പെല്ലറ്റ് പുറത്തെടുത്തു.