ഉപതിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബി.ജെ.പിയില്‍ ശക്തമായ സമ്മര്‍ദ്ദം. കുമ്മനത്തെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പാര്‍ട്ടിയുടെ തിരുവനന്തപുരം ജില്ലാ കമ്മറ്റി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു. കുമ്മനത്തെ നേരിട്ട് കണ്ടും ആവശ്യം അറിയിച്ചിട്ടുണ്ട്. വിദേശ പര്യടനം കഴിഞ്ഞ് ഇന്നലെ സംസ്ഥാനത്ത് തിരിച്ചെത്തിയ കുമ്മനം മത്സരസാധ്യത തളളിക്കളഞ്ഞിട്ടുമില്ല. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും പാര്‍ട്ടി എന്ത് തീരുമാനം എടുത്താലും അംഗീകരിക്കുമെന്നുമായിരുന്നു വിമാനത്താവളത്തില്‍ വെച്ചുളള കുമ്മനത്തിന്റെ പ്രതികരണം. വിദേശത്ത് നിന്ന് എത്തിയ കുമ്മനത്തിന് വിമാനത്താവളത്തില്‍ ജില്ലാ കമ്മിറ്റി സ്വീകരണവും ഒരുക്കിയിരുന്നു. എന്നാല്‍ മിസോറം ഗവര്‍ണര്‍ പദവി രാജിവെയ്പിച്ച് കുമ്മനത്തെ തിരുവനന്തപുരം ലോകസഭാ മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ മുന്‍കൈയെടുത്ത ആര്.എസ്.എസ് നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടില്ല.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജേശഖരനായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി. കെ.മുരളീധരനോട് 7622 വോട്ടുകള്‍ക്ക് പിന്നില്‍പ്പോയ കുമ്മനം രണ്ടാംസ്ഥാനത്തായിരുന്നു. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴും കുമ്മനം വട്ടിയൂര്‍ക്കാവില്‍ ശശി തരൂരിന് പിന്നില്‍ രണ്ടാമതെത്തി. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ട് വ്യത്യാസം രണ്ടായിരത്തി അഞ്ഞുറിലേക്ക് എത്തിക്കാനായി. 2104 ലോകസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഒ.രാജഗോപാല്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ഒന്നാമതെത്തിയിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ കുമ്മനത്തെ കൊണ്ടുവന്ന് ശക്തമായ പ്രചാരണം നടത്തിയാല്‍ വിജയം അന്യമല്ലെന്ന കണക്കുകൂട്ടലിലാണ് ജില്ലാ കമ്മിറ്റിയുടെ ഇടപെടല്‍. സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ മണ്ഡലത്തിലെ പാര്‍ട്ടി ഘടകത്തില്‍ നടത്തിയ അഭിപ്രായ സര്‍വേയിലും കുമ്മനത്തിനായിരുന്നു മുന്‍തൂക്കം. എന്നാല്‍ ലോകസഭാ തിരഞ്ഞെടുപ്പില്‍ ലക്ഷം വോട്ടിന് പരാജയപ്പെട്ട കുമ്മനം ജനസമ്മിതിയില്ലെന്ന് ചൂണ്ടിക്കാട്ടി താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല.
Read more
വട്ടിയൂര്‍ക്കാവില്‍ കുമ്മനത്തെ കൊണ്ടുവരണമെന്ന ജില്ലാ നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് പിന്നില്‍ മറ്റ് കാരണങ്ങളുമുണ്ടെന്ന് പറയപ്പെടുന്നു. സ്ഥാനാര്‍ത്ഥിയാകാന്‍ താല്പര്യം പ്രകടിപ്പിച്ച് നില്ക്കുന്ന വി.വി.രാജേഷിനെ ഒഴിവാക്കുകയാണ് ജില്ലാ നേതൃത്വത്തിന്റെ ലക്ഷ്യമെന്നാണ് പാര്‍ട്ടിയ്ക്കുളളിലെ ആക്ഷേപം. ജില്ലാ പ്രസിഡന്റ് എസ്.സുരേഷിനും വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ മോഹമുണ്ടായിരുന്നു. സര്‍വേയില്‍ കുമ്മനത്തിന് പിന്നില്‍ രണ്ടാമതായി സുരേഷിന്റെ പേരും വന്നും. എന്നാല്‍ സുരേഷിനെ പരിഗണിക്കുകയാണെങ്കില്‍ രാജേഷിന്റെ പേരും ഉയര്‍ന്നുവരും. ഇതിന് തടയിടാനാണ് കുമ്മനത്തിന്റെ പേര് ജില്ലാ പ്രസിഡന്റ് തന്നെ നിര്‍ദ്ദേശിച്ചതെന്നാണ് സൂചന. പാര്‍ട്ടിയിലെ എല്ലാ വിഭാഗത്തിനും സ്വീകാര്യനായ കുമ്മനത്തിന്റെ പേര് ഉയര്‍ന്നാല്‍ എതിരഭിപ്രായം ഉണ്ടാകില്ലെ എന്നതും കണക്കിലെടുത്താണ് നീക്കം. എന്നാല്‍ ആര്.എസ്.എസ് നിലപാടാണ് ഇക്കാര്യത്തില്‍ നിര്‍ണായകമാകുക. ലോകസഭാ തിരഞ്ഞെടുപ്പില്‍ കുമ്മനത്തിന് വേണ്ടി പ്രചാരണം നടത്തിയതും കരുക്കള്‍ നീക്കിയതുമെല്ലാം ആര്.എസ്.എസ് ആയിരുന്നു. അപ്പോള്‍ ജില്ലയിലെ ബി.ജെ.പി നേതാക്കള്‍ വേണ്ടത്ര സജീവമായി പ്രവര്‍ത്തിച്ചില്ലെന്നും ആക്ഷേപമുണ്ട്. ഇതെല്ലാം കഴുകിക്കളയാന്‍ കൂടിയാണ് ജില്ലാ നേതൃത്വത്തിന്റെ കുമ്മനത്തിന് വേണ്ടിയുളള പരിശ്രമം.