വിശ്വാസികൾക്ക് വിശ്വാസ സത്യം പ്രധാനം, സ്പീക്കർ തിരുത്തണമെന്ന് വിഡി സതീശൻ , അനാവശ്യ പ്രസ്താവനയെന്ന് രമേശ് ചെന്നിത്തല

ഗണപതി പരാമർശത്തിൽ സ്പീക്കർ എൻ ഷംസീറിനെതിരായ പ്രതിഷേധങ്ങളിൽ പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ. ഷംസീറിന്റെ പ്രസ്താവന തെറ്റാണെന്ന് അഭിപ്രായമില്ലെങ്കിലും, അനാവശ്യമായ പ്രസ്താവനയാണെന്നാണ് കോൺഗ്രസ് നിലപാട്. പ്രസ്താവന നടത്തിയതിൽ സ്പീക്കർക്ക് ജാഗ്രത കുറവുണ്ടായെന്നും പ്രസ്താവന തിരുത്താൻ അദ്ദേഹം തയാറാകണമെന്നുമാണ് പ്രതിപക്ഷ നേതാവ് വിഡി സതാശൻ പ്രതികരിച്ചത്.
.
ശാസ്ത്രബോധത്തെ വിശ്വാസവുമായി കൂട്ടിക്കെട്ടേണ്ടതില്ല. സ്പീക്കറുടെ പ്രസ്താവന ആയുധമാക്കി സംഘപരിവാറും ബിജെപിയും രാഷ്ട്രീയ മുതലെടുപ്പു നടത്തുകയാണ്. യുഡിഎഫ് പ്രതികരിക്കാതിരുന്നത് എരിതീയിൽ എണ്ണയൊഴിക്കണ്ട എന്നു കരുതിയാണ് . ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ സിപിഎം വിഷയം തണുപ്പിക്കാൻ തയാറാകണമെന്നും സതീശൻ പറഞ്ഞു.

അതേസമയം സ്പീക്കറുടെ പരാമർശം അനാവശ്യമായിരുന്നെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിശ്വാസവും മിത്തും തമ്മിലുള്ള താരതമ്യം സ്പീക്കർ നടത്തരുതായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. പ്രസ്താവന സ്പീക്കർ എഎൻ ഷംസീർ പിൻവലിക്കാൻ തയ്യാറാവണം. സ്പീക്കറെ തിരുത്തിക്കാൻ സി പി എം തയ്യാറാകണം. ഈ വിഷയത്തിൽ ബിജെപി അനാവശ്യ മുതലെടുപ്പ് നടത്തുകയാണെന്ന് ചെന്നിത്തല പറഞ്ഞു.

വിശ്വാസമൂഹത്തോടൊപ്പം ഉറച്ച് നിൽക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. ഒരു മതത്തിന്റെയും വിശ്വാസത്തെ ഹനിക്കരുതെന്നാണ് കോൺഗ്രസ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.എൻഎസ്എസ് നടത്തുന്ന നാമ ജപ ഘോഷയാത്രയിൽ വിശ്വാസികൾക്ക് പങ്കെടുക്കാം. ശബരിമലയിലും ഇതേ നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. എൻഎസ്എസ് സംഘപരിവാറിന് എതിരാണെന്നും ചെന്നിത്തല പറഞ്ഞു.