തിരഞ്ഞെടുപ്പ് തോൽക്കുമെന്നായപ്പോൾ കോൺഗ്രസ്സ് വർഗീയ ശക്തികളെ കൂട്ടുപിടിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോൺഗ്രസിന്റെ വ്യക്തിത്വം നഷ്ടപ്പെട്ടുവെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. കോൺഗ്രസ് ഓഫീസ് നിറയെ പോപ്പുലർ ഫ്രണ്ട് നേതാക്കളാണെന്നും സ്ഥാനാർത്ഥിക്കും പ്രതിപക്ഷ നേതാവിനും ഒപ്പമുള്ളത് പിഎഫ്ഐ നേതാവാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
പോപ്പുലർ ഫ്രണ്ട് നേതാക്കളെ കണ്ടതിനെ കുറിച്ച് വിഡി സതീശന് മറുപടിയില്ലെന്നും വർഗീയ ശക്തികളുടെ വോട്ട് വേണ്ടെന്ന് പറയാൻ കോൺഗ്രസ് തയ്യാറാകുമോ എന്നും കെ സുരേന്ദ്രൻ ചോദിച്ചു. ബിജെപി കൗൺസിലർമാർ കോൺഗ്രസിലേക്ക് പോകുമെന്നത് അഭ്യൂഹം മാത്രമാണെന്ന് സുരേന്ദ്രൻ പറഞ്ഞു. വിഡി സതീശന് കണ്ടകശനിയാണ്. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ കാണാം.
വി ഡി സതീശൻ ചെയ്യുന്നത് രാജ്യദ്രോഹമാണെന്നും നാല് വോട്ടിന് വേണ്ടി രാജ്യത്തെ ഒറ്റുകൊടുക്കുന്നവരെ ഒപ്പം കൂട്ടുകയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. സന്ദീപ് പാണക്കാട് പോയത് നല്ല കാര്യമാണ്. പാലക്കാട് നഗരസഭ ഭരണം പിടിക്കാമെന്നത് സ്വപ്നമാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. അതേസമയം കെ.മുരളീധരൻ പറഞ്ഞത് സത്യമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഷാഫി പറമ്പിൽ വന്നതോടെ കോൺഗ്രസ് ഉപജാപക സംഘത്തിന്റെ കയ്യിലായി. വയനാട് കേന്ദ്ര സഹായത്തിൽ കണക്ക് കൊടുക്കാതെ പണം കിട്ടില്ലെന്നും സുരേന്ദ്രൻ അറിയിച്ചു.