നിങ്ങളാണ് മുഖ്യമന്ത്രി, നിങ്ങളെ കുറ്റപ്പെടുത്തും; നിയമസഭയില്‍ മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി വിഡി സതീശന്‍

നിയമസഭയ്ക്കുള്ളില്‍ സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ രൂക്ഷമായ വാക്‌പോര്. കോഴിക്കോട് പത്താംക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിന്റെ കൊലപാതകം വിഷയമായ അടിയന്തര പ്രമേയ ചര്‍ച്ചയിലാണ് പ്രതിപക്ഷം സര്‍ക്കാരിനെ അതിരൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്. രമേശ് ചെന്നിത്തലയുടെ മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ സംബോധനയില്‍ ക്ഷുഭിതനായ മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി വിഡി സതീശനും രംഗത്തെത്തി.

നിങ്ങളാണ് മുഖ്യമന്ത്രിയെന്നും കേള്‍ക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നിങ്ങളാണ് കേരളത്തിന്റെ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ളയാള്‍. നിങ്ങളെ കുറ്റപ്പെടുത്തും. അതിനെന്തിനാണ് താങ്കള്‍ ഇങ്ങനെ അസഹിഷ്ണുത കാണിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

താന്‍ എന്തു പറയണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കേണ്ടെന്ന് രമേശ് ചെന്നിത്തലയും നിയമസഭയില്‍ പറഞ്ഞു. അത് എന്റെ അധികാരമാണ്. മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നത് അണ്‍പാര്‍ലമെന്ററിയല്ലെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് അഭിസംബോധന ചെയ്താണ് രമേശ് ചെന്നിത്തല സംസാരിച്ചുതുടങ്ങിയത്.

ഇതിന് ശേഷം ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചു. സമൂഹം നേരിടുന്ന വിപത്തിനെ നേരിടുന്ന രീതിയിലാണോ രമേശ് ചെന്നിത്തല സംസാരിച്ചതെന്ന് പിണറായി വിജയന്‍ രോഷത്തോടെ ചോദിച്ചു. ഇതേ തുടര്‍ന്നാണ് സഭയില്‍ പ്രതിപക്ഷവും സര്‍ക്കാരും തമ്മില്‍ വാക്‌പോര് ആരംഭിച്ചത്.