പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കെതിരെയുള്ള പൊലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് കെപിസിസി നടത്തിയ മാര്‍ച്ചിനെതിരെ സ്വീകരിച്ചത് കിരാത നടപടിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോണ്‍ഗ്രസ് നേതാക്കളെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പൊലീസ് നടപടിയെന്നും സതീശന്‍ ആരോപിച്ചു.
യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് കാടത്തം കാട്ടിയത്. രാജാവിനേക്കാള്‍ രാജഭക്തി കാണിക്കുന്ന പൊലീസുകാര്‍ കാലം മാറുമെന്ന് ഓര്‍ക്കണം. കെപിസിസി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ വേദിയിലിരിക്കെ പ്രതിപക്ഷ നേതാവ് പ്രസംഗിക്കുന്നതിനിടയില്‍ ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചു. കേരള ചരിത്രത്തില്‍ ഇത്തരം സംഭവം ഉണ്ടായിട്ടില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പൊലീസ് നടപടി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപ സംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. ഇതുകൊണ്ടൊന്നും കോണ്‍ഗ്രസും യുഡിഎഫും പിന്‍മാറില്ല. ജനവിരുദ്ധ സര്‍ക്കാരിനെതിരെ സമരം ശക്തമാക്കും. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഇതേ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെപിസിസി പ്രസിഡന്റ് കെ സുധാരനെ ആശുപത്രിയിലേക്ക് മാറ്റി. ടിയര്‍ ഗ്യാസ് വേദിയിലേക്കാണ് വന്നതെന്നും തുടര്‍ന്ന് ശ്വാസ തടസം ഉണ്ടായെന്നും സുധാകരന്‍ പറഞ്ഞു.
സംസ്ഥാനത്തിന്റെ ക്രമസമാധാനം ബോഡി ഗാര്‍ഡ് എന്നു പറയുന്ന ഗുണ്ടകള്‍ക്ക് മുഖ്യമന്ത്രി വിട്ടുകൊടുത്തിരിക്കുകയാണ്. ഈ ഗുണ്ടകളാണ് എല്ലാം തീരുമാനിക്കുന്നത്. പൊലീസ് അതിക്രമത്തിനെതിരെ നോക്കിയിരിക്കില്ലെന്നും പ്രതികരിക്കുമെന്നും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി.