സംസ്ഥാനത്തെ പിജി ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്. സമരം രോഗികളെ ബുദ്ധിമുട്ടിലാക്കുകയും മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുകയും ചെയ്യും. വിഷയത്തില്‍ സര്‍ക്കാര്‍ തികഞ്ഞ നിസ്സംഗതയാണ് കാണിക്കുന്നതെന്ന് സതീശന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
സമരത്തനിറങ്ങിയ ഡോക്ടര്‍മാരോട് പ്രതികാര നടപടി സ്വീകരിക്കുന്നതായി പരാതിയുണ്ട്. സമര രംഗത്തുള്ള ഗര്‍ഭിണികളായ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരോട് ഹോസ്റ്റല്‍ ഒഴിയണമെന്ന സര്‍ക്കാര്‍ നിലപാട് സമരം ഒത്തുതീര്‍പ്പാക്കുന്നതിന് സഹായകരമല്ല. പി.ജി. ഡോക്ടര്‍മാര്‍ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറാകണമെന്ന് സതീശന് വ്യക്തമാക്കി. നീറ്റ് പിജി പ്രവേശനം അനിശ്ചിതമായി നീളുന്നത് ഡോക്ടര്‍മാര്‍ക്ക് അമിത ജോലി ഭാരവും ഉണ്ടാക്കുന്നുണ്ട്. സമരം നീളുന്നത് പാവപ്പെട്ട രോഗികളെയാണ് ബാധിക്കുന്നത് എന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. അതിനാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്ന് അദ്ദേഹം പറഞ്ഞു.
പിജി ഡോക്ടര്‍മാര്‍ നടത്തിയ സൂചനാ സമരത്തില്‍ ആരോഗ്യമന്ത്രി പല വാഗ്ദാനങ്ങളും നല്‍കിയങ്കിലും അത് നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് വീണ്ടും അവര്‍ സമരം കടുപ്പിച്ചത്. പിജി ഡോക്ടര്‍മാരുടെ ജോലിഭാരം കുറയ്ക്കുന്നതിനായി ഒന്നാം വര്‍ഷ പിജി വിദ്യാര്‍ത്ഥികളുടെ അലോട്ട്മെന്റ് നടക്കുന്നത് വരെയുള്ള കാലയളവിലേക്ക് എന്‍എജെആര്‍മാരെ നിയമിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് സമരം നിര്‍ത്തിയിരുന്നു.
Read more
എന്നാല്‍ സര്‍ക്കാര്‍ ഉറപ്പ് പാലിച്ചില്ലെന്നായിരുന്നു സമരക്കാരുടെ വാദം. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ സര്‍ക്കാരിന് ഇടപെടാന്‍ പരിമിതിയുണ്ടെന്നായിരുന്നു ഇതിന് പിന്നാലെ ആരോഗ്യമന്ത്രി നല്കിയ വിശദീകരണം. 373 റസിഡന്റുമാരെ താല്‍ക്കാലികമായി നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഇന്നലെ ഉത്തരവ് ഇറക്കിയെങ്കിലും അതില്‍ വ്യക്തത ഇല്ലെന്നാണ് പിജി ഡോക്ടര്‍മാര്‍ പറഞ്ഞത്.