തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിന്റെ വ്യാജ അശ്ലീല വീഡിയോ നിര്‍മ്മിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണെന്ന ഇ.പി ജയരാജന്റെ പ്രസ്താവനയ്ക്കെതിരെ നിയമ നടപടി ആരംഭിച്ചു. നിയമ നടപടിയുടെ ഭാഗമായി വി.ഡി സതീശന് വേണ്ടി ഹൈക്കോടതി അഭിഭാഷകന്‍ അനൂപ് വി. നായര്‍ ഇ.പി ജയരാജന് നോട്ടീസ് അയച്ചു.
അവാസ്തവമായ പ്രസ്താവന ഏഴ് ദിവസത്തിനകം പിന്‍വലിച്ച് ഇ.പി ജയരാജന്‍ പരസ്യമായി മാപ്പ് പറയണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് തയാറായില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നടപടിക്രമങ്ങള്‍ അനുസരിച്ച് നിയമ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവിന് വേണ്ടി അയച്ച നോട്ടീസില്‍ പറയുന്നു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ ജോ ജോസഫിനെ അപകീര്‍ത്തിപ്പെടുത്തും വിധം അശ്ലീല വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഈ വ്യാജ അശ്ലീല വീഡിയ നിര്‍മ്മിച്ചത് ക്രൈം നന്ദകുമാറും വി ഡി സതീശനുമാണെന്നുമായിരുന്നു ഇ പി ജയരാജന്‍ പറഞ്ഞത്.
ഇക്കാര്യം അന്വേഷിക്കണമെന്നും കോണ്‍ഗ്രസിലെ ഒരു വിഭാഗം വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും ജയരാജന്‍ പറഞ്ഞിരുന്നു.