ആലപ്പുഴയില്‍ കഴിഞ്ഞ 12 മണിക്കൂറിനിടെ നടന്ന രണ്ട് കൊലപാതകങ്ങളിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വർഗീയ വിഷം ചീറ്റുന്ന രണ്ട് രാഷ്ട്രീയ ശക്തികളാണ് കൊലപാതകം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. വർഗീയ പ്രീണനം നടത്താൻ സഹായിക്കുന്ന സിപിഎം ഇത് അവസാനിപ്പിക്കണമെന്നും സതീശൻ പറഞ്ഞു.
ഇന്നലെ രാത്രിയാണ് ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനെ വെട്ടി കൊന്നത്. ഷാന്‍ സഞ്ചരിച്ച ബൈക്ക് പിന്നില്‍നിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം അഞ്ചു പേരടങ്ങിയ സംഘം ആക്രമിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് എസ്ഡിപിഐ ആരോപിച്ചു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ഒ.ബി.സി മോര്‍ച്ച നേതാവ് രജ്ഞിത്ത് ശ്രീനിവാനനെ എട്ടംഗ സംഘം വീട്ടില്‍ കയറി കൊലപ്പെടുത്തുകയായിരുന്നു.
ആലപ്പുഴ ജനറൽ ആശുപത്രിയിലാണ് രജ്ഞിത്ത് ശ്രീനിവാസന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. എസ്ഡിപിഐ നേതാവിന്റെ കൊലപാതകവുമായി സംഭവത്തിന് പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയില്‍ ഇന്നും നാളെയും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കലക്ടറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.