മലങ്കര സഭാതര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ വിധി നടപ്പാക്കണമെന്ന് വീണാ ജോര്‍ജ് എം.എല്‍.എ

മലങ്കര സഭാതര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് അനുകൂല നിലപാട് വ്യക്തമാക്കി വീണാ ജോര്‍ജ് എം.എല്‍.എ. സര്‍ക്കാര്‍ സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് വീണാ ജോര്‍ജ് ആവശ്യപ്പെട്ടു.

ക്രൈസ്തവ ഓര്‍ത്തഡോക്‌സ് തുമ്പമണ്‍ ഭദ്രാസന വാര്‍ഷിക സമ്മേളനത്തിലാണ് വീണാ ജോര്‍ജ് എം എല്‍ എ സഭാതര്‍ക്കം സംബന്ധിച്ച സ്വന്തം നിലപാട് ആദ്യമായി വെളിപ്പെടുത്തിയത്. ഓര്‍ത്തഡോക്‌സ് സഭക്ക് അനുകൂലമായി ലഭിച്ച സുപ്രീം കോടതി വിധി നടപ്പിലാക്കണം എന്നാണ് ആറന്മുള എംഎല്‍ എ യും ഓര്‍ത്തഡോക്‌സ് സഭാ അംഗവുമായ വീണാ ജോര്‍ജ് പറഞ്ഞത്. സഭാവിഷയത്തില്‍ ശാശ്വത സമാധാനം ഉണ്ടാകണം. അതിന് വിധി നടപ്പാക്കുകയാണ് വേണ്ടതെന്നും അവര്‍ അഭിപ്രായപ്പെട്ടു.

Read more

2017 ജൂലൈയിലാണ് പള്ളികളുടെ അവകാശം സംബന്ധിച്ച സഭാതര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് സഭക്ക് അനുകൂലമായി സുപ്രീം കോടതി വിധി വന്നത്. എന്നാല്‍, ഇത് നടപ്പാക്കാതെ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങളെ ചര്‍ച്ചയിലൂടെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത്. പലവട്ടം സമവായ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന ആവശ്യത്തിലുറച്ചു നില്‍ക്കുകയാണ് ഓര്‍ത്തഡോക്‌സ് സഭ. വിധി നടപ്പാക്കാത്തതിനെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കുന്നതടക്കമുള്ള നടപടികളുമായി സഭ മുമ്പോട്ടു പോകുകയാണെന്നാണ് വിവരം.