ഒമൈക്രോണ്‍ വ്യാപനം കുറയുന്നത് ആശ്വാസകരമെന്ന് വീണ ജോര്‍ജ്, നാളെ അവലോകന യോഗം

സംസ്ഥാനത്ത് ഒമൈക്രോണ്‍ വ്യാപന തോത് കുറയുന്നത് ആശ്വാസകരമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. കേസുകളുടെ എണ്ണം മൂന്നാഴ്ചയ്ക്കുള്ളില്‍ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ മൂന്നാം തരംഗത്തിലാണ് നമ്മള്‍ ഉള്ളതെന്നും, ഒമൈക്രോണിനെ നിസാരമായി കാണരുതെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

അതേസമയം സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ നാളെ അവലോകന യോഗം ചേരും. ഞായറാഴ്ചകളിലെ ലോക്ക്ഡൗണ്‍ സമാന നിയന്ത്രണം തുടരണോ എന്നതിലും നാളത്തെ യോഗത്തില്‍ തീരുമാനം എടുക്കും. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെയാണ് കഴിഞ്ഞ ഞായറാഴ്ചയും ഇന്നും സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി. ജില്ലാ അതിര്‍ത്തികളില്‍ ഉള്‍പ്പെടെ പൊലീസ് പരിശോധന കര്‍ശനമാണ്.

സംസ്ഥാനത്ത് ഇന്നലെ 50,812 പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളത്താണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. രാജ്യത്ത് തന്നെ ഏറ്റലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളില്‍ മുന്നിലാണ് കേരളം.

Read more

അതേസമയം കേരളത്തില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കണക്കുകൂട്ടിയതിലും നേരത്തേ പാരമ്യത്തിലെത്തുമെന്നാണ് മദ്രാസ് ഐ.ഐ.ടിയുടെ വിലയിരുത്തല്‍. ഫെബ്രുവരിയില്‍ മൂന്നാമത്തെ ആഴ്ച കേസുകള്‍ പരമാവധി ആയിരിക്കും. കേരളത്തില്‍ നിലവില്‍ കോവിഡ് വൈറസിന്റെ വ്യാപനശേഷി (ആര്‍ വാല്യു) 1.79 ആണ്. ഇതനുസരിച്ച് രോഗം ബാധിച്ച ഒരാളില്‍നിന്ന് 1.79 പേരിലേക്കാണു പടരുന്നത്. ഇതു കണക്കിലെടുത്താല്‍ അടുത്ത മാസം 15നും 26നും ഇടയില്‍ പ്രതിദിന രോഗികളുടെ എണ്ണം പാരമ്യത്തിലെത്തുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.