കോട്ടയത്തെ നഴ്‌സിംഗ് കോളേജിലെ റാഗിംഗ് മനുഷ്യമനസിനെ ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. റാഗിംഗ് അതിക്രൂരം, ഇത് സസ്‌പെന്‍ഷനില്‍ തീരില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്ന തരത്തില്‍ മാതൃകാപരമായ നടപടി ഉണ്ടാകും. ഡിഎംഇയുടെ ഒരു ടീം അവിടെ പോയിട്ടുണ്ടെന്നും വീണ ജോര്‍ജ് പറഞ്ഞു.
സംഭവത്തില്‍ പരമാവധി സ്വീകരിക്കാവുന്ന നടപടികള്‍ എടുക്കും. സസ്‌പെന്‍ഷനില്‍ തീരേണ്ട കാര്യമല്ലിത്. മറ്റൊരാളും ഇനി ഇത് ചെയ്യാതിരിക്കാനുള്ള സന്ദേശമായി നടപടികള്‍ സ്വീകരിക്കും. തെറ്റ് തെറ്റ് തന്നെയാണ്. അതിനെ മറ്റൊരു വിധത്തിലും കാണില്ല. നിയമപരമായ നടപടികളിലൂടെ പുറത്താക്കുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരിശോധന നടത്താന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ക്യാമറകള്‍ ഉള്‍പ്പെടെ കോറിഡോറില്‍ ഉണ്ട്. മോണിറ്ററിംഗ് നടത്തും. പരാതി ലഭിച്ചില്ല എന്നുള്ളത് ഒരു കാരണമല്ല. ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥാപനങ്ങളാണ് ഇവ. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
Read more
സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളുടെ റൂമില്‍ എന്തിനാണ് പോകുന്നത്. കോട്ടയത്തെ ഹോസ്റ്റലില്‍ പരിശോധന നടത്തും. പ്രിന്‍സിപ്പലിന്റെ നടപടി അംഗീകരിക്കാന്‍ കഴിയില്ല, പരാതിപ്പെട്ടില്ല എന്ന് എങ്ങനെയാണ് പറയാന്‍ കഴിയുന്നതെന്നും മന്ത്രി ചോദിച്ചു.