സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ആധികാരികം, നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ജനങ്ങളുടെ നന്മക്ക് വേണ്ടി; സഹകരിക്കണമെന്ന് വെള്ളാപ്പള്ളി നടേശന്‍

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാത്തതിനാലാണ് രോഗവ്യാപനം വര്‍ധിക്കുന്നതെന്ന് എസ്.എൻ.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ജനങ്ങളുടെ നന്മക്ക് വേണ്ടിയാണെന്നും അതിനോട് സഹകരിക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ആധികാരികമാണ്. രോഗവ്യാപന തോത് കണക്കിലെടുത്താണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഐ.എം.എ ഉള്‍പ്പെടെ രോഗബാധയെ പ്രതിരോധിക്കാന്‍ നടപടികള്‍ വേണമെന്ന് പറഞ്ഞതാണ്. അവ പ്രായോഗികമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചാല്‍ കുറ്റം പറയാനാകില്ല. സ്വാതന്ത്ര്യം നിയന്ത്രണങ്ങള്‍ക്ക് വിധേയമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കോവിഡ് കാലത്ത് വ്യപാരികള്‍ വലിയ പ്രതിസന്ധിയിലാണ്. അവരുടെ ദുഃഖം ന്യായമാണ്. അടുത്ത ദിവസങ്ങളില്‍ തന്നെ ചര്‍ച്ചകളിലൂടെ ഇതിനു പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മദ്യ വില്‍പനശാലകളിലെ തിരക്ക് നിയന്ത്രിക്കണമെന്നും ആരാധനാലയങ്ങള്‍ നിയന്ത്രണ വിധേയമായി തുറക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.