എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ന്യായീകരിച്ചും പുകഴ്ത്തിയും മുഖ്യമന്ത്രി പിണറായി വിജയന്‍. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയായി 30 വര്‍ഷം പൂര്‍ത്തിയാക്കുന്ന വെള്ളാപ്പള്ളി നടേശനെ ചേര്‍ത്തലയില്‍ ആദരിക്കുന്ന ചടങ്ങിലായിരുന്നു വിവാദ മലപ്പുറം പ്രസ്താവനയെ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയത്.
ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് എതിരെയായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം. നിലവിലുള്ള യാഥാര്‍ഥ്യം വെച്ചു ഒരുകാര്യംപറഞ്ഞതാണ്. പറഞ്ഞത് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് എതിരായിരുന്നു. ആ രാഷ്ട്രീയപാര്‍ട്ടിയെ സംരക്ഷിക്കാന്‍ താത്പര്യമുള്ളവരെല്ലാം കൂടി അതിനെതിരെ രംഗത്തുവരികയായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വെള്ളാപ്പള്ളിയെ അറിയാവുന്നവര്‍ക്കെല്ലാം അറിയാം ഏതെങ്കിലും മതത്തിന് എതിരായി നിലപാട് സ്വീകരിച്ച ചരിത്രമുള്ള ആളല്ല എന്ന്. എല്ലാ ഘട്ടത്തിലും വിവിധ മതങ്ങളുമായി യോജിച്ചുകൊണ്ടുള്ള ഒട്ടേറെ കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ വ്യക്തിപരമായി തന്നെ നേതൃത്വം വഹിച്ച ആളാണ് വെള്ളാപ്പള്ളിയെന്നും പിണറായി പറഞ്ഞു.
ഇതാണ് നാട്. ഏതിനേയും വക്രീകരിക്കാന്‍ നോക്കുന്ന കാലമാണ്. ഏതിനേയും തെറ്റായി ചിത്രീകരിക്കാന്‍ നോക്കുന്ന കാലമാണെന്നും പറഞ്ഞ പിണറായി വെള്ളാപ്പള്ളിയെ പുകഴ്ത്താനും മറന്നില്ല. അനിതരസാധാരണമായ കര്‍മ്മശേഷിയും നേതൃപാടവവും കൊണ്ട് വെള്ളാപ്പള്ളി രണ്ട് ചരിത്രനിയോഗങ്ങളുടെ നെറുകയില്‍ എത്തിനില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഒരു സംഘടനയിലെ അമരക്കാരനായി നിന്ന് ആ സംഘടനയെ കൂടുതല്‍ വളര്‍ച്ചയിലേക്ക് നയിക്കാനാണ് വെള്ളാപ്പള്ളി ശ്രമിച്ചതെന്നും അതിന് പ്രത്യേക അഭിനന്ദനം അറിയിക്കുന്നു. ആത്മാഭിമാനത്തോടെ തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കാന്‍ വേണ്ട ധൈര്യവും ആര്‍ജവവും അംഗങ്ങള്‍ക്ക് പകര്‍ന്നുകൊടുത്ത നേതൃസ്ഥാനമാണ് വെള്ളാപ്പള്ളിയുടേതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
എസ്എന്‍ഡിപി യോഗത്തിന്റെ അമരക്കാരനായി മൂന്ന് ദശാബ്ദം ഇരിക്കുക എന്ന് പറയുമ്പോള്‍ കുമാരനാശാന്‍ പോലും 16 വര്‍ഷം മാത്രമേ ഈ സ്ഥാനത്ത് തുടര്‍ന്നിരുന്നുള്ളൂ എന്നത് നാം ഓര്‍ക്കേണ്ടതാണ്. ഗുരുസന്ദേശങ്ങളെ പ്രായോഗിക പ്രവര്‍ത്തനങ്ങളുമായി സമന്വയിപ്പിച്ചുകൊണ്ട് മൂന്നുപതിറ്റാണ്ടുകാലം വെള്ളാപ്പള്ളിക്ക് ഈ സംഘടനയ്ക്ക് നേതൃത്വം കൊടുത്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്നും പിണറായി വിജയന്‍ പറഞ്ഞു.