നവോത്ഥാന കേരളത്തിന്റെ മുഖത്തേറ്റ അടി, പിന്നില്‍ ജാതിവാദികളായ ഉദ്യോഗസ്ഥര്‍; റിപ്പബ്ലിക് ദിന ഫ്‌ളോട്ട് വിവാദത്തില്‍ വെള്ളാപ്പള്ളി നടേശന്‍

റിപ്പബ്‌ളിക് ദിന പരേഡില്‍ കേരളത്തിന്റെ ഫ്‌ളോട്ടില്‍നിന്ന് ശ്രീനാരായണ ഗുരുദേവനെ ഒഴിവാക്കാന്‍ നിര്‍ദേശിച്ച പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.ഗുരുദേവന് പകരം ശ്രീശങ്കരന്റെ പ്രതിമ മതിയെന്ന് നിര്‍ദ്ദേശിച്ച പ്രതിരോധമന്ത്രാലത്തിന്റെ കീഴില്‍ ഫ്‌ളോട്ടുകള്‍ വിലയിരുത്തിയ ജൂറിയുടെ നടപടി അത്യന്തം അപലപനീയവും നാണക്കേടുമാണ്.

കൊടിയ ജാതി പീഡനങ്ങളിലും അനാചാരങ്ങളിലും നിന്ന് ഒരു ജനതയെ വിമുക്തമാക്കിയ രാജ്യത്തെ നവോത്ഥാന നായകരില്‍ പ്രമുഖനായ ശ്രീനാരായണഗുരുവിനെ സാമൂഹ്യബോധമില്ലാത്ത ഈ ഉദ്യോഗസ്ഥര്‍ അവഹേളിച്ചു. ഇത് നവോത്ഥാന കേരളത്തിന്റെ മുഖത്തേറ്റ അടിയാണെന്ന് വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു.

ഇത് പൊറുക്കാനാവാത്ത തെറ്റാണ്. വര്‍ത്തമാനകാലഘട്ടത്തില്‍ ഗുരുദേവന്റെയും ഗുരുദര്‍ശനത്തിന്റെയും പ്രസക്തി തിരിച്ചറിഞ്ഞ് പാര്‍ലമെന്റ് തന്നെ ഗുരുസന്ദേശങ്ങള്‍ പ്രചരിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമ്പോഴാണ് ജൂറിയുടെ നിഷേധാത്മകമായ നടപടി.

ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തോടെ കാണണം. സംസ്ഥാന സര്‍ക്കാരും പ്രതിഷേധമറിയിക്കണം. യോഗം ഇരുസര്‍ക്കാരുകള്‍ക്കും പരാതി സമര്‍പ്പിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.