എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ഈഴവ വിരോധിയെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. എന്‍എസ്എസ് നേതൃത്വം മാടമ്പി സ്വഭാവമാണ് കാണിക്കുന്നതെന്നും വെളളാപ്പളളി നടേശന്‍ കുറ്റപ്പെടുത്തി. ഉപതിരഞ്ഞെടുപ്പില്‍ നിക്ഷ്പക്ഷ നിലപാടാണ് സ്വീകരിക്കുക. ആരെയും പിന്താങ്ങില്ലെന്നും വെളളാപ്പളളി മാധ്യമങ്ങളോട് പറഞ്ഞു.
നിലവിലെ എന്‍എസ്എസ് നേതൃത്വത്തിന് ഈഴവ വിഭാഗത്തോട് എപ്പോഴും അവഗണനയാണ്. ഈഴവന്‍ മുഖ്യമന്ത്രിയായാല്‍ തേജോവധം ചെയ്യുന്ന നിലപാടാണ് ഇവര്‍ സ്വീകരിക്കുന്നത്. സവര്‍ണനെ ഉയര്‍ന്ന തലങ്ങളില്‍ പ്രതിഷ്ഠിക്കണമെന്ന ഒറ്റ ചിന്ത മാത്രമേ അവര്‍ക്ക് ഉളളൂ. മുഖ്യമന്ത്രി പിണറായി വിജയനെ ചീത്ത വിളിക്കുന്നു. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വിഎസിനെയും ചീത്തവിളിച്ചു. പിന്നോക്ക വിഭാഗങ്ങളോട് പ്രത്യേകിച്ച് ഈഴവവിഭാഗത്തോട് കടുത്ത നിലപാടാണ് നിലവിലെ എന്‍എസ്എസ് നേതൃത്വം സ്വീകരിക്കുന്നതെന്നും വെളളാപ്പളളി പറഞ്ഞു.
വട്ടിയൂര്‍ക്കാവില്‍ എന്‍എസ്എസ് പറഞ്ഞാല്‍ എല്ലാ നായന്മാരും കേള്‍ക്കണമെന്നില്ല. കുടുംബയോഗങ്ങള്‍ പലതും സമാധാനത്തോടെയല്ല അവസാനിച്ചിട്ടുളളത്. നിരവധിപ്പേര്‍ എന്‍എസ്എസ് നേതൃത്വത്തിന്റെ നിലപാടിന് എതിരെ ശബ്ദം ഉയര്‍ത്തിയില്ലേ എന്നും വെളളാപ്പളളി ചോദിച്ചു. രാജ്യത്തിന്റെ മഹാഭൂരിപക്ഷം സമ്പത്തും ഇവരല്ലേ കൊണ്ടു പോകുന്നതെന്നും വെളളാപ്പളളി ചോദിച്ചു.
അരൂരില്‍ പ്രവചനം സാധ്യമല്ല. രണ്ടുകൂട്ടരും വാശിയോടെയാണ് മത്സരിക്കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ നിഷ്പക്ഷ നിലപാടാണ് സ്വീകരിക്കുക. ആരെയും പിന്താങ്ങില്ലെന്നും വെളളാപ്പളളി പറഞ്ഞു.