ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ. മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മഹേശന് മൈക്രോ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധമില്ലെന്നും അദ്ദേഹം തെറ്റ് ചെയ്തിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. തട്ടിപ്പുമായി ബന്ധപ്പെട്ട് കള്ളക്കേസില്‍ കുടുക്കുമോയെന്ന ഭയം മൂലമാണ് മഹേശന്‍ ആത്മഹത്യ ചെയ്തത്. ഭരണത്തില്‍ സ്ഥാനമാനങ്ങള്‍ ലഭിക്കാത്തതിലുള്ള ദേഷ്യം കാരണം ചിലര്‍ മഹേശനെതിരെ പ്രചാരണം നടത്തിയിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു. മഹേശനെ തകര്‍ത്തതിനു പിന്നില്‍ സുഭാഷ് വാസു, എസ്. രാജീവന്‍ എന്നിവരടക്കമുള്ളവര്‍ പ്രവര്‍ത്തിച്ചതായും വെള്ളാപ്പള്ളി ആരോപിച്ചു.
മഹേശനുമായി ഒരുവിധത്തിലുള്ള അഭിപ്രായ വ്യത്യാസവും ഉണ്ടായിരുന്നില്ല. ഒരിക്കലും ഒഴിവാക്കാനാകാത്ത വ്യക്തിയാണ് മഹേശനെന്നും തന്റെ വലംകൈയായി നിന്ന് പ്രവര്‍ത്തിച്ച ആളായിരുന്നു അദ്ദേഹമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഒരു മനസ്സായി മുന്നോട്ടു പോകുകയായിരുന്നു. ചിലര്‍ മഹേശനെ കള്ളനും കൊള്ളരുതാത്തവനുമാക്കി ചിത്രീകരിച്ചതിലുള്ള മാനസികവ്യഥയാണ് മരണത്തിന് കാരണം. മഹേശന്‍ നിരപരാധിയാണ്. ഒരു കുറ്റവും ചെയ്തിട്ടില്ല. മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുമോയെന്ന് അദ്ദേഹം ഭയപ്പെട്ടിരുന്നു.
മൈക്രോ ഫിനാന്‍സ് ക്രമക്കേടുമായി മഹേശന് ഒരു ബന്ധമില്ല. അടുത്തിടെ വിളിച്ചിരുന്നു. അറസ്റ്റ് ചെയ്താല്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നു. മഹേശന്റെ ഡയറിക്കുറിപ്പിന്റെ കോപ്പി കൈയിലുണ്ട്. ഇന്ന് മഹേശനെ പൊക്കിപ്പറയുന്ന ഒരാളാണ് അദ്ദേഹത്തെ നശിപ്പിച്ചത്.
ചേര്‍ത്തല യൂണിയന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ആയി മഹേശന്‍ ആറ് കൊല്ലം ഭരണം നടത്തി. പുതിയ ഭരണസമിതിയില്‍ കയറിക്കൂടാന്‍ താത്പര്യമുണ്ടായിരുന്ന ചിലര്‍ വിചാരിച്ച സ്ഥാനം കിട്ടാതെ വന്നപ്പോള്‍ മഹേശനെ തേജോവധം ചെയ്യാന്‍ തുടങ്ങി. ഒരു സ്‌കൂളിലെ നിയമനവുമായി ബന്ധപ്പെട്ട് മഹേശന്‍ അഞ്ച് കോടിയോളം രൂപ തട്ടിയെടുത്തു എന്നൊക്കെയുള്ള പ്രചാരണം ഉണ്ടായി. എസ്എന്‍ഡിപി യോഗത്തെ ഇപ്പോള്‍ എതിര്‍ത്തു കൊണ്ടിരിക്കുന്ന ശക്തികള്‍ മഹേശനെ തേജോവധം ചെയ്തു. ഇതിന്റെ മനോവ്യഥ ഏറെക്കാലമായി അദ്ദേഹത്തിനുണ്ടായിരുന്നു.
ഇതിനിടെ മൈക്രോ ഫിനാന്‍സ് ഇടപാടുമായി ബന്ധപ്പെട്ട് മഹേശന്‍ പണം തട്ടിയെന്ന രീതിയില്‍ പ്രചാരണമുണ്ടായി. യഥാര്‍ത്ഥത്തില്‍ അത് കൈകാര്യം ചെയ്തിരുന്നത് സുരേന്ദ്രന്‍ എന്ന ക്ലാര്‍ക്കാണ്. മഹേശന്‍ അഞ്ച് പൈസ എടുത്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ചേര്‍ത്തല യൂണിയന്‍ മഹേശനുമായി ആശയവിനിമയം നടത്തിയിരുന്നു. ഇതും മാനസിക പ്രയാസമുണ്ടാക്കിയിരുന്നു. ഇതിനിടെയാണ് ഇതു സംബന്ധിച്ച് അന്വേഷണവും വരുന്നത്. ഇതെല്ലാം കൂടി മഹേശന്റെ സമനില തെറ്റിച്ചെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സംസാരിക്കുന്നതിനും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും മഹേശനെ വിളിച്ചിരുന്നു. മരിക്കുന്ന അന്ന് പത്തുമണിക്ക് തുഷാറുമായി കാണാമെന്ന് പറഞ്ഞിരുന്നതാണ്. മഹേശന്‍ തനിക്ക് കത്തെഴുതിയിരുന്നു. ഈ എഴുത്ത് ആരെയും കാണിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. മഹേശന്റെ ആത്മാവിനോട് നീതി പുലര്‍ത്തണം. അതുകൊണ്ട് ആ കത്ത് ആരെയും കാണിക്കില്ല. സംഘടനയെ തകര്‍ക്കാന്‍ പലരും ഒത്തുചേരുന്നുണ്ട്. എന്നാല്‍ അതൊന്നും നടക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മഹേശനെ കള്ളനും കൊള്ളക്കാരനുമാക്കി ചിത്രീകരിച്ച് ആത്മഹത്യയിലേക്ക് നയിച്ച ശക്തികളെ കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം നടത്തണം. സിബിഐ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.