വെഞ്ഞാറമൂട് കൂട്ടക്കൊല: കൃത്യം നടത്തുമ്പോള്‍ പ്രതി മദ്യലഹരിയില്‍; രക്തസാമ്പിള്‍ പരിശോധനാ ഫലം ഇന്ന് ലഭിക്കും

തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ കൂട്ട കൊലപാതകത്തിൽ കൃത്യം നടത്തുമ്പോള്‍ പ്രതി മദ്യലഹരിയിലാണെന്ന് റിപ്പോർട്ട്. പൊലീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൃത്യം നടത്തി പ്രതി അഫാന്‍ സ്റ്റേഷനിലെത്തുമ്പോള്‍ മദ്യപിച്ചിരുന്നതായും പൊലീസ് പറയുന്നു. അതേസമയം അഫാന്‍ മറ്റേതെങ്കിലും ലഹരി പദാർത്ഥം ഉപയോഗിച്ചിരുന്നോ എന്നതിൽ വ്യക്തതയില്ല.

ആദ്യത്തെ രണ്ട് കൊലപാതകങ്ങള്‍ നടത്തിയ ശേഷം അഫാന്‍ ബാറിലെത്തി മദ്യം വാങ്ങിയിരുന്നുവെന്നും പൊലീസിന് പറഞ്ഞു. മറ്റേതെങ്കിലും തരത്തിലുള്ള ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്നതില്‍ ഇന്ന് വ്യക്തത വരും. രക്തസാമ്പിള്‍ പരിശോധനാ ഫലം ലഭിച്ചാല്‍ മാത്രമെ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാവൂ. അതേസമയം ഫലം ഇന്ന് ലഭിക്കും.

അതേസമയം പ്രതി അഫാനെ പൊലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കൊലപാതകങ്ങള്‍ക്ക് ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ് അഫാൻ. അഫാന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെങ്കിലും ഇന്നുകൂടി ആശുപത്രിയില്‍ തുടരും. അഫാനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താലേ കൂട്ടക്കൊലപാതകത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കൂവെന്ന് പൊലീസ് വ്യക്തമാക്കി.