ആലപ്പുഴ വെണ്‍മണിയിലെ വൃദ്ധ ദമ്പതികളുടെ കൊലപാതക കേസില്‍ ഒന്നാം പ്രതിക്ക് വധശിക്ഷ. ബംഗ്ലാദേശ് സ്വദേശിയായ ലബിലു ഹുസൈനാണ് (39) കേസിലെ ഒന്നാം പ്രതി. മാവേലിക്കര അഡീഷണല്‍ ജില്ലാസെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. രണ്ടാം പ്രതിയായ ജുവല്‍ ഹുസൈന് (24) ജീവപര്യന്തം ശിക്ഷയും വിധിച്ചു. ഇരുവരും ബംഗ്ലാദേശ് സ്വദേശികളാണ്.
2019 നവംബറിലാണ് കേസിനാസ്പദമായ സംഭവം. ദമ്പതിമാരായ എ.പി ചെറിയാന്‍, ഭാര്യ ഏലിക്കുട്ടി ചെറിയാന്‍ എന്നിവരെ പ്രതികള്‍ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. ഇവരുടെ വീട്ടില്‍ ജോലിക്കെത്തിയതാണ് പ്രതികള്‍. വീട്ടില്‍ സ്വര്‍ണം ഉണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്നായിരുന്നു ആക്രമണം. കൊലപാതകത്തിന് ശേഷം സ്വര്‍ണവുമായി കടന്നു കളഞ്ഞ ഇവരെ വിശാഖപട്ടണത്തു നിന്ന പിടികൂടുകയായിരുന്നു.
കൊലപാതകം, അതിക്രമിച്ചു കയറല്‍, കവര്‍ച്ച എന്നിവയായിരുന്നു പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്ന കുറ്റങ്ങള്‍. കേസില്‍ 2021 നവംബര്‍ ഒന്നിന് കേസിന്റെ വിചാരണ ആരംഭിച്ചു. 2022 ഫെബ്രുവരി 25നാണ് വിചാരണ പൂര്‍ത്തിയായി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍, മോഷണ വസ്തുക്കള്‍ എന്നിവ ഉള്‍പ്പെടെ 67 തൊണ്ടി മുതലുകളും 55 രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.