യൂടോക്ക് ഡിജിറ്റല്‍ ന്യൂസില്‍ നിന്നും രാജിവെച്ച മാധ്യമ പ്രവര്‍ത്തകന്‍ വേണു ബാലകൃഷ്ണന്‍ 24 ന്യൂസ് ചാനലില്‍. ചാനലിന്റെ മാനേജിംഗ്ഡയറക്ടര്‍ ആര്‍.ശ്രീകണ്ഠന്‍ നായര്‍ മോണിംഗ് ഷോയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് മുതല്‍ വേണു ബാലകൃഷ്ണന്‍ 24 വാര്‍ത്താ സംഘത്തിന്റെ ഭാഗമാണെന്ന് അദേഹം വ്യക്തമാക്കി. ഈ ശുഭദിനത്തില്‍ പ്രേക്ഷകരോട് എനിക്ക് ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്. ഇന്ന് മുതല്‍ 24 ന്റെ ആര്‍മിയില്‍ ഒരു വാര്‍ത്താ അവതാരകന്‍ കൂടി ചേരുകയാണ്, വേണു ബാലകൃഷ്ണന്‍. കേരളത്തിലെ ടെലിവിഷന്‍ ചാനലുകളില്‍ വലിയ സംവാദങ്ങളിലൊക്കെ സജീവ സാന്നിദ്ധ്യമാണ് വേണു. അദ്ദേഹം ഇന്ന് ഔദ്യോഗികമായി 24 ല്‍ ജോയിന്‍ ചെയ്യും. ചാനലിന്റെ വാര്‍ത്താ പ്രക്ഷേപണത്തില്‍ വേണുവും ഇനി അണമുറിയാത്ത കണ്ണിയാവുമെന്നും അദേഹം പറഞ്ഞു. ഇന്നു രാവിലെ മുതല്‍ വേണു ചാനലില്‍ വാര്‍ത്ത അവതരിപ്പിക്കുന്നുണ്ട്.
ഡെപ്യൂട്ടി എഡിറ്ററായിരുന്ന വേണു ബാലകൃഷ്ണനെ സഹപ്രവര്‍ത്തകയോട് മോശമായി പെരുമാറിയതിനാണ് മാതൃഭൂമി ന്യൂസ് പിരിച്ചുവിട്ടത്. തുടര്‍ന്ന് പ്രമുഖ സിനിമ നിര്‍മാണ കമ്പനിയായ ഗുഡ്വില്‍ ആരംഭിച്ച യൂടോക്ക് ഡിജിറ്റലില്‍ അദേഹം സജീവമായിരുന്നു. എന്നാല്‍, ചാനലിലെ ആഭ്യന്തര പ്രശ്നങ്ങളെ തുടര്‍ന്ന് സഹോദരനായ ഉണ്ണി ബാലകൃഷ്ണനോടൊപ്പം അദേഹവും രാജിവെച്ച് ഇറങ്ങിയിരുന്നു. തുടര്‍ന്നാണ് 24 ചാനലില്‍ ജോലിയില്‍ പ്രവേശിച്ചത്. രാത്രിയിലുള്ള ചര്‍ച്ചകള്‍ ഇനി വേണുവായിരിക്കും നയിക്കുക.
യൂടോക്ക് ഡിജിറ്റലില്‍ നിന്ന് രാജിവെച്ച് ഇറങ്ങിയ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി ബാലകൃഷ്ണന്‍ മീഡിയ വണ്ണിലേക്കാണ് ചേക്കേറുന്നത്. മീഡിയ വണ്‍ നിരോധനം സംബന്ധിച്ചുള്ള സുപ്രീംകോടതി വിധി അടുത്ത മാസം വരും. വിധി അനുകൂലമാണെങ്കില്‍ ഉടന്‍ തന്നെ ഉണ്ണി ബാലകൃഷ്ണന്‍ ജോലിയില്‍ പ്രവേശിക്കും. ഇതു സംബന്ധിച്ച് മീഡിയ വണ്‍ ചാനലും ഉണ്ണി ബാലകൃഷ്ണനും തമ്മില്‍ ധാരണയായിട്ടുണ്ട്. ജമാ അത്തെ ഇസ്ലാമിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചാനലിന്റെ സംപ്രേക്ഷണം നേരത്തെ കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞിരുന്നു. എന്നാല്‍, ഈ നടപടി ഏകപക്ഷീയമാണെന്നും മാധ്യമ സ്വാതന്ത്രത്തിലേക്കുള്ള കടന്നുകയറ്റവുമാണെന്ന് കാട്ടി ചാനല്‍ മാനേജ്മെന്റ് സുപ്രീംകോടതിയെ സമീപിച്ചു.ഈ കേസിലെ വാദം സുപ്രീംകോടതി പൂര്‍ത്തിയാക്കിയിരുന്നു.
മാതൃഭൂമി ചാനലിന്റെ എഡിറ്റോറിയല്‍ മേധാവി സ്ഥാനം രാജിവെച്ചാണ് ഉണ്ണി ബാലകൃഷ്ണന്‍ യൂടോക്കില്‍ എത്തുന്നത്. പ്രമുഖ സിനിമ നിര്‍മാണ കമ്പനിയായ ഗുഡ്വിലാണ് യൂടോക്ക് ആരംഭിച്ചത്. ചാനലിലെ ആഭ്യന്തര പ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച്ച ഉണ്ണി അവിടെ നിന്നും രാജിവെച്ചിരുന്നു. തുടര്‍ന്നാണ് മീഡിയ വണ്ണുമായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്.
മാതൃഭൂമി ന്യൂസില്‍ നിന്നും ഉണ്ണി ബാലകൃഷ്ണന്‍ പടിയിറങ്ങിയപ്പോള്‍ മീഡിയാവണ്‍ ചാനലിന്റെ എഡിറ്ററായിരുന്ന രാജീവ് ദേവരാജാണ് ആ ചുമതലയിലേക്ക് എത്തിയത്. മാതൃഭൂമി ന്യൂസ് ആരംഭിച്ചത് മുതല്‍ അതിന്റെ എഡിറ്റോറിയല്‍ ചുമതല ഉണ്ണി ബാലകൃഷ്ണനായിരുന്നു. വി എസ് അച്യുതാനന്ദന്റെ എക്‌സ്‌ക്ലൂസീവ് അഭിമുഖത്തിലൂടെ മാതൃഭൂമിക്ക് ബിഗ് ബ്രേക്കിങ് നല്‍കിയതും ഉണ്ണി ബാലകൃഷ്ണനാണ്. മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന് തൊട്ടു താഴെയുള്ള സ്ഥാനത്തേക്കാണ് ഉണ്ണി ബാലകൃഷ്ണനെ ചാനല്‍ പരിഗണിക്കുന്നത്.