മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ എസ് ജയചന്ദ്രൻ നായര്‍ അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ എസ് ജയചന്ദ്രൻ നായര്‍ അന്തരിച്ചു. 85 വയസായിരുന്നു. ബെംഗളൂരുവിലെ മകന്‍റെ വസതിയിൽവച്ചായിരുന്നു അന്ത്യം. ഷാജി എൻ കരുൺ സംവിധാനം ചെയ്ത പിറവി, സ്വം എന്നീ ചലച്ചിത്രങ്ങൾക്ക് കഥയും തിരക്കഥയുമെഴുതിയ ആൾ കൂടിയാണ് എസ് ജയചന്ദ്രൻ നായര്‍.

മുതിർന്ന പത്രാധിപർ, തിരക്കഥാകൃത്ത്, എഴുത്തുകാരൻ, നിരൂപകൻ തുടങ്ങിയ നിലകളിൽ പ്രവര്‍ത്തിച്ച മലയാള മാധ്യമരംഗത്തെ അതികായകനാണ് വിടവാങ്ങിയത്. ബെംഗളുരുവിൽ മകന്‍റെ വസതിയിലായിരുന്നു അന്ത്യം. ദീർഘകാലം കലാകൗമുദി വാരികയുടെ പത്രാധിപരായിരുന്നു. 1957-ൽ പ്രസിദ്ധീകരണം തുടങ്ങിയ കെ ബാലകൃഷ്ണന്‍റെ കൗമുദിയിലാണ് പത്രപ്രവര്‍ത്തനം തുടങ്ങിയത്.

പിന്നീട് കലാകൗമുദിയിലേക്ക് മാറി. സമകാലിക മലയാളം വാരികയുടെ സ്ഥാപകപത്രാധിപരായിരുന്നു. 13 വർഷം സമകാലിക മലയാളം വാരികയുടെ പത്രാധിപരായി പ്രവർത്തിച്ച ശേഷമാണ് അദ്ദേഹം ചുമതലയൊഴിഞ്ഞത്. മാനേജ്മെന്‍റുമായുള്ള ഭിന്നതയെത്തുടർന്ന് 2012-ൽ എസ് ജയചന്ദ്രൻ നായര്‍ മലയാളം വാരികയിൽ നിന്ന് രാജിവെച്ചു. എന്‍റെ പ്രദക്ഷിണവഴികൾ, റോസാദലങ്ങൾ എന്നിവ പ്രധാനകൃതികളാണ്.