വൈദികനെ വാഹനം ഇടിപ്പിച്ച പ്രതികള്‍ക്കായി ഒത്തുതീര്‍പ്പുമായി അരുവിത്തുറ പള്ളി വികാരി; നിര്‍ദേശം തള്ളി പാല ബിഷപ്പ്; എല്ലാ പള്ളികള്‍ക്കും സര്‍ക്കുലറുമായി കല്ലറങ്ങാട്ട്

പൂഞ്ഞാറില്‍ വൈദികനെ വാഹനം ഇടിപ്പിച്ച സംഭവത്തില്‍ പ്രതികളെകൊണ്ട് മാപ്പ് പറഞ്ഞ് പ്രശ്‌നം പരിഹരിക്കാനുള്ള അരുവിത്തുറ പള്ളി വികാരിയുടെ നിര്‍ദേശം തള്ളി പാല രൂപത. ഇന്നലെ ഈരാറ്റുപേട്ടയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് പ്രതികള്‍ മാപ്പ് പറഞ്ഞാല്‍ പ്രശ്‌നം അവസാനിപ്പിക്കാമെന്ന നിര്‍ദേശം അരുവിത്തുറ പള്ളി വികാരി മുന്നോട്ട് വെച്ചത്. പ്രതികളുടെ പ്രായം പരിഗണിച്ച് ഈ തീരുമാനം അഗീകരിക്കണമെന്ന് യോഗത്തിലുണ്ടായിരുന്ന ചിലര്‍ പറഞ്ഞു.

എന്നാല്‍, ഈ തീരുമാനം പാല രൂപത തള്ളി. തുടര്‍ന്ന് പാലാ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പൂഞ്ഞാര്‍ സെന്റ് മേരിസ് പള്ളിയിലെത്തി വികാരിയുമായി കൂടി കാഴ്ച നടത്തി. പള്ളിയില്‍ നാളെ അടിയന്തര യോഗം ചേരുന്നുണ്ട്. പ്രതിനിധി യോഗത്തിന് പകരം ഇടവക ജനങ്ങള്‍ മുഴുവന്‍ ഉള്‍പ്പെട്ട യോഗമായിരിക്കും. പള്ളി കോമ്പൗണ്ടില്‍ സ്വീകരിക്കേണ്ട സുരക്ഷ നടപടികളെ പറ്റി യോഗം ചര്‍ച്ച ചെയ്യും.

പാല രൂപതയ്ക്ക് കീഴിലുള്ള എല്ലാ പള്ളികളിലും ഇന്ന് പ്രാര്‍ത്ഥന ദിനമായി ആചരിക്കുമെന്ന് കല്ലറങ്ങാട്ട് പറഞ്ഞു. പൂഞ്ഞാര്‍ സെന്റ് മേരീസ് ഫെറോന പള്ളിയിലെ അസിസ്റ്റന്റ് വികാരി ജോസഫ് ആറ്റുചാലിലിനെ അപായപ്പെടുത്താന്‍ ശ്രമിച്ചത് സാമൂഹ്യദ്രോഹികളാണെന്നും കുറ്റക്കാരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും അദേഹം ആശ്യപ്പെട്ടു. ഇന്ന് രൂപതയ്ക്ക് കീഴിലുള്ള എല്ലാ പള്ളികളിലും കുര്‍ബാനയ്ക്ക് ശേഷം പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷകള്‍ നടത്തണമെന്നും പ്രതിനിധിയോഗം ചേര്‍ന്ന് പ്രമേയം പാസാക്കണമെന്നും പാല രൂപത ബിഷപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.