ടാറ്റ കാര്‍ കമ്പനിക്കും ഡീലര്‍ക്കുമെതിരെ സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പ്രചരിപ്പിക്കുന്നതിനു വ്‌ലോഗര്‍ക്കു കോടതിയുടെ വിലക്ക്. ആലപ്പുഴ കലൂര്‍ സ്വദേശി സഞ്ജു ടെക്കി എന്ന വ്‌ലോഗര്‍ക്കാണ് എറണാകുളം സബ് കോടതി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
വ്‌ലോഗറെയും ഗൂഗിള്‍, ഫെയ്‌സ്ബുക്ക് തുടങ്ങിയ കമ്പനികളെയും എതിര്‍ കക്ഷികളാക്കി എന്‍സിഎസ് ഓട്ടോമോട്ടീവ്‌സ് നല്‍കിയ അപേക്ഷയിലാണ് കോടതി നടപടി. കമ്പനിക്കെതിരായി പ്രസിദ്ധീകരിച്ചിട്ടുള്ള വിഡിയോകള്‍ വസ്തുനിഷ്ഠമല്ലെന്നും സഭ്യേതര ഭാഷയിലുള്ളവയാണ് എന്നും കാണിച്ചാണു പരാതിക്കാര്‍ കോടതിയിലെത്തിയത്. ഇനി ഒരു ഉത്തരവുണ്ടാകുന്നതു വരെ വിഡിയോ പ്രസിദ്ധീകരിക്കരുത് എന്നാണു നിര്‍ദേശം.
രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് സഞ്ജു ടാറ്റയുടെ ഏറ്റവും പുതിയ മോഡലായ സഫാരി കാര്‍ വാങ്ങുന്നത്. തന്റെ പുതിയ കാറുമായി ബന്ധപ്പെട്ട ഒട്ടേറെ വീഡിയോ സഞ്ജു യൂട്യൂബില്‍ പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ രണ്ടാഴ്ചകള്‍ മുമ്പാണ് കാറിന്റെ കംപ്ലെയിന്റുമായി ബന്ധപ്പെട്ട വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യേക്ഷപ്പെടുന്നത്. സഫാരി കാര്‍ വാങ്ങി പണികിട്ടി, ആര്‍ക്കും ഈ ഗതി വരുത്തകുത് തുടങ്ങിയ തലക്കെട്ടുകളോടെയാണ് വീഡിയോ പങ്കുവച്ചത്.
വാഹനത്തിന്റെ മെക്കാനിക്കല്‍ സംബന്ധിച്ചുള്ള പ്രശ്നങ്ങളെ കുറിച്ചും സഞ്ജു വീഡിയോ പങ്കുവച്ചിട്ടുണ്ട്. കൂടാതെ വാഹനം സര്‍വീസിന് കൊടുത്തതിന് ശേഷവും പ്രശ്നം പരിഹരിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചുള്ള വീഡിയോയും പങ്കുവച്ചിട്ടുണ്ട്. വീഡിയോകള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് കമ്പനി ഡീലര്‍മാര്‍ കോടതിയെ സമീപിച്ചത്.