ഡിജിപിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍. അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പെടെയുള്ള ആരോപണങ്ങളിലാണ് വിജിലന്‍സ് അന്വേഷണം. നേരത്തെ അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവി ശിപാര്‍ശ നല്‍കിയിരുന്നു.
ഇതിന് പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. മുന്‍ പത്തനംതിട്ട എസ്പി സുജിത് ദാസിനെതിരായ ആരോപണങ്ങളിലും വിജിലന്‍സ് അന്വേഷണം നടത്തും. നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ ആരോപണങ്ങളെ തുടര്‍ന്നായിരുന്നു സംസ്ഥാന പൊലീസ് മേധാവി എഡിജിപിയ്‌ക്കെതിരെ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തത്.
ഇരുവര്‍ക്കുമെതിരെയുള്ള വിജിലന്‍സ് അന്വേഷണത്തിനുള്ള സംഘാംഗങ്ങളെ നാളെ തീരുമാനിക്കും. ഡിജിപി സംസ്ഥാന സര്‍ക്കാരിന് അന്വേഷണത്തിന് ശിപാര്‍ശ ചെയ്ത് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് നടപടി ഉണ്ടായിരിക്കുന്നത്. അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടതോടെ എഡിജിപിയ്ക്ക് ക്രമസമാധന ചുമതലയില്‍ തുടരാന്‍ കഴിയില്ല.
മുന്‍ പത്തനംതിട്ട എസ്പി സുജിത് ദാസിന്റെ നേതൃത്വത്തില്‍ മലപ്പുറത്തെ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നും മുറിച്ച മരം അജിത് കുമാറിന് നല്‍കിയെന്നാണ് പിവി അന്‍വറിന്റെ ആരോപണം. ഇതുകൂടാതെ ബന്ധുക്കളുടെ സ്വത്ത് സമ്പാദനം, സ്വര്‍ണക്കടത്തുകാരുമായുള്ള വഴിവിട്ട ബന്ധം, കവടിയാറിലെ വീട് നിര്‍മ്മാണം ഉള്‍പ്പെടെയുള്ള ആരോപണങ്ങളെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം.
അതേസമയം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയ്‌ക്കെതിരെയും നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ പരാതി നല്‍കി. പി ശശിയ്‌ക്കെതിരെ നേരത്തെ അന്‍വര്‍ ആരോപണങ്ങളുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്. പിവി അന്‍വര്‍ എഴുതി നല്‍കിയ പരാതി പ്രത്യേക ദൂതന്‍ വഴി പാര്‍ട്ടിയ്ക്ക് കൈമാറുകയായിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് എംഎല്‍എ പരാതി നല്‍കിയത്. നിലവില്‍ പി ശശി സിപിഎം സംസ്ഥാന സമിതി അംഗമാണ്. നേരത്തെ എഡിജിപി എംആര്‍ അജിത്കുമാറിനെതിരെയുള്ള ആരോപണങ്ങള്‍ക്കൊപ്പം അന്‍വര്‍ പി ശശിയ്‌ക്കെതിരെയും ആരോപണവുമായി രംഗത്തെത്തിയിരുന്നു.
നിരവധി തവണ പി ശശിയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും ഔദ്യോഗികമായി പരാതി നല്‍കാന്‍ ഇതുവരെ പിവി അന്‍വര്‍ തയ്യാറായിരുന്നില്ല. അജിത്കുമാറിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നത് പി ശശി ആണെന്നായിരുന്നു അന്‍വറിന്റെ ആരോപണം.