പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്‍റെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും ഇന്ന് പരിഗണിക്കും. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും വിധി പറയുക. ഇബ്രാഹിംകുഞ്ഞിന്‍റെ ആരോഗ്യസ്ഥിതി മോശമാണെന്ന് കാണിച്ച് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇബ്രാഹിംകുഞ്ഞിനെ തുടർചികിത്സയ്ക്കായി സർക്കാർ ആശുപത്രിയിലക്ക് മാറ്റണമെന്ന ആവശ്യത്തിൽ നിന്ന് വിജിലൻസ് പിന്മാറി.
അതേസമയം ലേക് ഷോർ ആശുപത്രിയിൽ വെച്ച് ചോദ്യം ചെയ്യാൻ അനുമതി നൽകണമെന്ന് വിജിലൻസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിലും കോടതി ഇന്ന് തീരുമാനം പറയും. നിലവിൽ രണ്ടാഴ്ചത്തെ ജുഡിഷ്യൽ കസ്റ്റഡിയിലാണ് ഇബ്രാഹിംകുഞ്ഞ്. നിലവിലെ ആശുപത്രിയിൽ ചികിത്സ തുടരണമെന്നും ഇതേ ചികിത്സ തുടരാൻ സർക്കാർ ആശുപത്രിയിൽ സംവിധാനമില്ലെന്നുമുള്ള ഡിഎംഒയുടെ റിപ്പോർട്ട് കോടതി ചൂണ്ടിക്കാട്ടി. ഇതിനു മറുപടിയായാണു ആശുപത്രിയിൽ 4 ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്യാമെന്നു വിജിലൻസ് പ്രോസിക്യൂട്ടർ വാദിച്ചത്.
ഡോക്ടർമാരുടെ സാന്നിദ്ധ്യത്തിൽ ചോദ്യം ചെയ്യാൻ സാധിക്കുമോ എന്നു ജഡ്ജി ജോബിൻ സെബാസ്റ്റ്യൻ ചോദിച്ചെങ്കിലും ആവശ്യമായ ചികിത്സ ലഭ്യമാക്കിക്കൊണ്ടു തന്നെ ഡോക്ടർമാരെ ഒഴിവാക്കി ചോദ്യം ചെയ്യാമെന്നായിരുന്നു വിജിലൻസിന്റെ മറുപടി. ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമാണെന്നും പൊലീസ് കസ്റ്റഡിയിൽ വിട്ടു നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കി.
വിവിധ ഉദ്യോഗസ്ഥർ പരിശോധിച്ചു ശിപാർശ ചെയ്ത മൊബിലൈസേഷൻ ഫണ്ട് നൽകാനുള്ള ഫയലിൽ ഒപ്പിടുക മാത്രമാണു മന്ത്രിയെന്ന നിലയിൽ ഇബ്രാഹിംകുഞ്ഞ് ചെയ്തതെന്നാണു ജാമ്യാപേക്ഷയിൽ പ്രതിഭാഗത്തിന്റെ പ്രധാന വാദം.
എന്നാൽ ടെൻഡർ നടപടികളിലും പാലം കരാർ നൽകാനുള്ള ഏജൻസിയെ തീരുമാനിക്കുന്നതിലും മന്ത്രിയുടെ ശക്തമായ ഇടപെടൽ നടന്നതായി പ്രോസിക്യൂഷൻ വാദിച്ചു. അതേസമയം, കേസിലെ പ്രതി നാഗേഷ് കൺസള്‍ട്ടൻസി ഉടമ നാഗേഷിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.