മതവിദ്വേഷ പരാമര്‍ശത്തിന്റെ പേരില്‍ അറസ്റ്റിലായ ബിജെപി നേതാവ് പിസി ജോര്‍ജിനും മകന്‍ ഷോണ്‍ ജോര്‍ജിനുമെതിരെ നടന്‍ വിനായകന്‍. പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തതിനെ ഷോണ്‍ രംഗത്ത് വന്നതിനെതിരെയാണ് വിനായകന്‍ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചിരിക്കുന്നത്.
‘ഇതൊക്കെ ഉണ്ടാക്കാന്‍ കാശ് പിസി ജോര്‍ജിന്റെ കുടുംബത്തു നിന്നാണോ? ഇസ്ലാം മതവിശ്വാസികളടക്കമുള്ള ജനത്തിന്റെ നികുതിപ്പണം കൊണ്ടല്ലേ ഷോണേ…?’ വിനായകന്‍ ചോദിച്ചു. ഈരാറ്റുപേട്ടയിലെ സിഐ ഓഫിസും മജിസ്ട്രേറ്റ് കോടതിയും ഉള്‍പ്പെടെ ഈരാറ്റുപേട്ടയില്‍ ഇന്ന് കാണുന്നതെല്ലാം പിസി ജോര്‍ജ് ഉണ്ടാക്കിയതാണ് എന്നായിരുന്നു ഷോണ്‍ പറഞ്ഞത്.
അതേസമയം, അറസ്റ്റിലായ പിസി ജോര്‍ജിനെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.
വൈകീട്ട് ആറുവരെ പോലീസ് കസ്റ്റഡിയില്‍വിട്ടശേഷമാണ് റിമാന്‍ഡുചെയ്തത്. എന്നാല്‍, പാലാ ജനറല്‍ ആശുപത്രിയില്‍ ഹാജരാക്കി നടത്തിയ പരിശോധനയില്‍ ഇ.സി.ജി. വ്യതിയാനവും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും കണ്ടതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ശ്വസനസഹായ ഉപകരണം ഉള്‍പ്പെടെയുള്ള സംവിധാനം ഉപയോഗിച്ചുവരുന്നയാളാണ് പി.സി.ജോര്‍ജെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചിരുന്നു.
യൂത്ത്ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് കേസെടുത്തത്. കോട്ടയം സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും പി.സി.ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസുമായി ശനിയാഴ്ച പോലീസ് പി.സി.ജോര്‍ജിന്റെ വീട്ടിലെത്തിയിരുന്നെങ്കിലും അദ്ദേഹം സ്ഥലത്തില്ലായിരുന്നു. പിന്നാലെ തിങ്കളാഴ്ച ഹാജരാകുമെന്ന് പി.സി.ജോര്‍ജ് ഡിവൈ.എസ്.പി.യെ അറിയിക്കുകയും ചെയ്തു.
തിങ്കളാഴ്ച രാവിലെ പ്രവര്‍ത്തകര്‍ക്കൊപ്പം ഈരാറ്റുപേട്ട പോലീസ് ഇന്‍സ്പെക്ടര്‍ക്കുമുമ്പാകെ ഹാജരാകുമെന്നായിരുന്നു ബി.ജെ.പി.യും അറിയിച്ചിരുന്നത്. രാവിലെ ഒന്‍പതുമണിയോടെ പ്രവര്‍ത്തകരും ജില്ലയിലെ നേതാക്കളും പി.സി.ജോര്‍ജിന്റെ വീട്ടിലെത്തി. മകന്‍ ഷോണ്‍ ജോര്‍ജും അവിടെയുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ പി.സി. വീട്ടിലെത്തുമെന്ന് പ്രതീക്ഷിച്ച് പോലീസ് സംഘവുമെത്തി.
Read more
എന്നാല്‍, അദ്ദേഹം വീട്ടിലെത്താതെ 11 മണിയോടെ നാടകീയമായി കോടതിയിലെത്തി. അതിനുമുമ്പുതന്നെ മരുമകളും അഭിഭാഷകയുമായ പാര്‍വതി ഷോണും പി.സി.യുടെ അഭിഭാഷകരായ അഡ്വ. സിറില്‍ ജോസഫ് മലമാക്കലും അഡ്വ. ജോര്‍ജ് ജോസഫും കോടതിയിലെത്തിയിരുന്നു.