ശ്രീജിത്തിനെ പോലെ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടങ്ങുമെന്ന് വിനായകന്‍റെ അച്ഛന്‍

പോലീസ് സ്‌റ്റേഷനിലെ പീഡനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത ദളിത് യുവാവ് വിനായകന് നീതി ലഭിച്ചില്ലെങ്കില്‍ ശ്രീജിത്തിനെപ്പോലെ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ആരംഭിക്കുമെന്ന് വിനായകന്റെ അച്ഛന്‍. വിനായകന്‍ നേരിടേണ്ടി വന്ന പോലീസ് മര്‍ദ്ദനത്തെക്കുറിച്ചുളള അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയെന്ന് വിനായകന്റെ അച്ഛന്‍ ഡെക്കാണ്‍ ക്രോണിക്കിളിനോട് പറഞ്ഞു.

കഴിഞ്ഞ ജൂലൈയിലാണ് വിനായകനെയും സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. വഴിയരികില്‍ ഒരു പെണ്‍കുട്ടിയുമായി സംസാരിച്ചുകൊണ്ടിരുന്ന വിനായകനെയും സുഹൃത്തിനെയും സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. കഞ്ചാവ് ഉപയോഗിച്ചെന്ന പേരില്‍ വിനായകനെ മര്‍ദ്ദിച്ചെന്ന് സുഹൃത്ത് പിന്നീട് തുറന്ന് പറയുകയായിരുന്നു. മുടി നീട്ടിവളര്‍ത്തിയതിനാല്‍ കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.

സ്റ്റേഷനില്‍ നിന്ന് തിരിച്ചെത്തി അപമാനഭാരം താങ്ങാതെ ആത്മഹത്യ ചെയ്യുകയായിരുന്നു. മര്‍ദ്ദനമേറ്റത്തിന്റെ പാടുകള്‍ ശരീരത്തില്‍ അവശേഷിച്ചതും സുഹൃത്തിന്റെ തുറന്ന് പറച്ചിലുകളും തെളിവായിട്ടുണ്ടെങ്കിലും വിനായകന് ഇന്നും നീതി ലഭിച്ചിട്ടില്ല. അന്വേഷണം നേര്‍വഴിക്ക് നടക്കാത്തതിനാല്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ തിരിച്ച് കയറിയെന്നും വിനായകന്റെ അച്ഛന്‍ പറയുന്നു.

പോലീസ് കസ്റ്റഡിയില്‍ മരിച്ച അനുജന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ സമരം കഴിഞ്ഞ ദിവസങ്ങളില്‍ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. മകന് നീതി ലഭിക്കാന്‍ ശ്രീജിത്തിനെപ്പോലെ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുമെന്നാണ് വിനായകന്‍റെ അച്ഛന് പറയുന്നത്.