വിനോദ് റായ് ബിജെപി ഏജന്റ്, മാപ്പ് പറയണമെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം

മുന്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായിയെ ബിജെപി ഏജന്റായി ചിത്രീകരിച്ച് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം. 2ജി സ്‌പെക്ട്രം അഴിമതി കേസില്‍ എല്ലാ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കിയ സാഹചര്യത്തില്‍ ബിജെപിയും വിനോദ് റായിയും കോണ്‍ഗ്രസിനോട് മാപ്പ് പറയണമെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസ്സന്‍ ആവശ്യപ്പെട്ടു.

കോടതി വിധിയോടെ ഇതൊരു രാഷ്ട്രീയ പ്രേരിത കേസാണെന്ന് ബോധ്യപ്പെട്ടതായും 1.76 കോടി രൂപ എന്നത് വിനോദ് റായിയുടെ ഭാവനാത്മകമായ കണക്കാണെന്നും ഹസന്‍ ആരോപിച്ചു. റായ്ക്ക് ഈ പോസ്റ്റ് ബിജെപി നല്‍കിയത് ഇത്തരത്തിലുള്ള ഭാവനാത്മ കണക്കുകള്‍ സൃഷ്ടിക്കാനാണെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു. ഈ കണക്കുകള്‍ പെരുപ്പിച്ചു കാട്ടിയാണ് ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയത്. അതുകെആണ്ട് തന്നെ ബിജെപിയും റായിയും മാപ്പ് ചോദിക്കണമെന്നും ഹസന്‍ അഭിപ്രായപ്പെട്ടു.

കേന്ദ്രത്തില്‍ സിഎജിയുടെ പോസ്റ്റ് ഏറ്റെടുക്കുന്നതിന് മുന്‍പ് കേരളത്തില്‍ നിരവധി വര്‍ഷം ഫിനാന്‍ഷ്യല്‍ സെക്രട്ടറിയായും മറ്റും ജോലി ചെയ്തിട്ടുണ്ട്.

ഇന്ന് രാവിലെയാണ് 2ജി സ്‌പെക്ട്രം അഴിമതി കേസില്‍ എല്ലാ പ്രതികളെയും സിബിഐ പ്രത്യേക കോടതി വിട്ടയച്ചത്. ഈ വിധി പുറത്തുവന്നതിന് പിന്നാലെ മനീഷ് തിവാരിയും വിനോദ് റായ് മാപ്പു പറയണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു.