വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ട് വിഷയത്തില്‍ സംസ്ഥാനത്തിന് ഇളവ് നല്‍കില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രം നല്‍കുന്ന 817.80 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് വിഷയത്തില്‍ വയനാട്ടിലെ ദുരിതാശ്വാസ വിഷയം പോലെ കടുംപിടുത്തത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേന്ദ്രസര്‍ക്കാര്‍. വ്യോമസേനയ്ക്ക് ചെലവായ തുക കേരളം അടയ്ക്കണമെന്ന നിലപാടിന് പിന്നാലെ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വിഷയത്തിലും ഇളവ് നല്‍കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
കേന്ദ്രം നല്‍കുന്ന 817.80 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് ലാഭവിഹിതമായി തിരികെ നല്‍കണമെന്ന വ്യവസ്ഥയില്‍ ഇളവ് അനുവദിക്കാനാകില്ലെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ് സോനോവാള്‍ രാജ്യസഭയില്‍ വ്യക്തമാക്കി. നേരത്തെ തന്നെ സംസ്ഥാനത്തിന്റെ ആവര്‍ത്തിച്ചുള്ള ഇളവ് ആവശ്യപ്പെടലിലും നിഷേധാത്മക സമീപനമാണ് കേന്ദ്രം സ്വീകരിച്ചത്. വയബിലിറ്റി ഗ്യാപ് ഫണ്ട് വിഷയത്തില്‍ സംസ്ഥാനത്തിന് ഇളവ് അനുവദിക്കാനാകില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം രാജ്യസഭയില്‍ ആവര്‍ത്തിക്കുകയാണ് കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ് സോനോവാള്‍ ചെയ്തത്.
വിഴിഞ്ഞം പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കുമ്പോഴും അന്തിമ അംഗീകാരം നല്‍കുമ്പോഴും ഇളവ് നല്‍കില്ലെന്ന കാര്യം കേരളത്തോട് വ്യക്തമാക്കിയിരുന്നതായി സര്‍ബാനന്ദ് സോനോവാള്‍ സഭയെ അറിയിച്ചു. രാജ്യസഭയില്‍ ഹാരീസ് ബീരാന് നല്‍കിയ മറുപടിയിലാണ് മന്ത്രി നിലപാട് അറിയിച്ചത്.
സംസ്ഥാന ഖജനാവിന് 10000 മുതല്‍ 12000 കോടി രൂപയുടെ വരെ നഷ്ടം ഉണ്ടാകുമെന്നും അതിനാല്‍ വയബിലിറ്റി ഗ്യാപ് ഫണ്ട് തിരിച്ചടിവില്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന് കത്ത് കൈമാറിയിട്ടുണ്ടായിരുന്നു. ഇക്കാര്യം ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ് സോനോവാള്‍ രാജ്യസഭയെ അറിയിച്ചു. ഇളവ് തേടി കേരളം നല്‍കിയ കത്തുകള്‍ 2022 ജൂണ്‍ 7-നും 2024 ജൂലൈ 27-നും ചേര്‍ന്ന ഉന്നതാധികാരസമിതി യോഗങ്ങള്‍ പരിശോധിച്ചതാണെന്ന് കൂടി രാജ്യസഭയില്‍ ഷിപ്പിംഗ് മന്ത്രി അറിയിച്ചു. ഇളവ് അനുവദിക്കേണ്ടതില്ലെന്ന് ഉന്നതാധികാര സമിതി തീരുമാനിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.