വിഴിഞ്ഞം തുറമുഖ പ്രശ്‌നം പരിഹരിക്കണമെന്ന് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. വിഴിഞ്ഞത്തെ സമരക്കാരുമായി ചര്‍ച്ചകള്‍ നടത്തണം. പ്രശ്‌ന പരിഹാരത്തിനുള്ള സമയം അതിക്രമിച്ചു. ഇന്നത്തെ ചര്‍ച്ചയില്‍ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദേഹം പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണം. ഒരു വിഭാഗത്തിന്റെ മാത്രം പ്രശ്‌നമായി കാണരുതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. സഭാ ആസ്ഥാനനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ശശി തരൂരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അദേഹം ഇക്കാര്യം പറഞ്ഞത്.
അതേസമയം, മത്സ്യത്തൊഴിലാളികള്‍ വികസനവിരുദ്ധരല്ലെന്ന് ശശി തരൂര്‍ പറഞ്ഞു. വിഴിഞ്ഞത്ത് വേണ്ടത് സമവായമാണെന്നും പ്രളയത്തില്‍ നമ്മുടെ രക്ഷക്കെത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി തിരിച്ചെന്ത് ചെയ്തുവെന്ന് നാം ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിക്കവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തരൂര്‍.
വിഴിഞ്ഞം സമരത്തില്‍ ് നടക്കുന്ന ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. സിറോ മലബാര്‍ സഭ ആസ്ഥാനമായ എറണാകുളം കാക്കനാട് സെന്റ് മൗണ്ട് തോമസിലെത്തിയാണ് തരൂര്‍ കര്‍ദിനാളിനെ കണ്ടത്. അങ്കമാലി മോണിങ് സ്റ്റാര്‍ കോളജിലെ വിദ്യാര്‍ഥികളുമായുള്ള സംവാദ പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.
ഇന്നലെ ശശി തരൂര്‍ പത്തനംതിട്ട ജില്ലയില്‍ പര്യടനം നടത്തിയിരുന്നു. പന്തളം ക്ഷേത്രദര്‍ശനത്തോടുകൂടിയാണ് ശശി തരൂരിലെ പത്തനംതിട്ടയിലെ പര്യടനം ആരംഭിച്ചത്. പന്തളത്ത് എത്തിയ തരൂരിനെ മുന്‍ ഡി.സി.സി പ്രസിഡന്റ് പി.മോഹന്‍ രാജിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.