വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്ന് പറഞ്ഞ വയബിലിറ്റി ഗാപ്പ് ഫണ്ട് തിരിച്ചടക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാട് കേരളത്തോട് കാണിക്കുന്ന അവഗണനയുടെ മറ്റൊരു മുഖമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍.
രാജ്യത്തെ മറ്റ് പല തുറമുഖങ്ങള്‍ക്കും കേന്ദ്രം നല്‍കിയ പരിഗണന വിഴിഞ്ഞത്തിന് മാത്രം നല്‍കില്ലെന്ന നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി കേരളത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിന്റെ തുടര്‍ച്ച തന്നെയാണിത്.
പ്രളയദുരിതത്തിന്റെ കാലത്ത് മറ്റ് രാജ്യങ്ങള്‍ നല്‍കിയ സഹായധനത്തെ തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ വയനാടിന്റെ കാര്യത്തിലും തികഞ്ഞ അവഗണനയാണ് കാണിക്കുന്നത്. വയനാട് ദുരന്തം വര്‍ത്തമാനകാലത്തെ രാജ്യത്തെ ഏറ്റവും വലിയ ഒന്നായിട്ടും മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ പരിഗണന കേരളത്തിന് നല്‍കുകയുണ്ടായില്ല. കേരളത്തോട് കാണിക്കുന്ന ഇത്തരം അവഗണനയ്ക്ക് എതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും അദേഹം പറഞ്ഞു.