ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് എസ്.എഫ്.ഐ. നേതാവ് വിപി സാനു കന്നി അങ്കത്തിന് ഇറങ്ങുമ്പോള്‍ പിതാവ് വിപി സക്കരിയ ഒരുപാട് പ്രതീക്ഷയിലാണ്. 1991ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയോട് മത്സരിച്ച് പരാജയപ്പെട്ട തനിക്ക് കഴിയാത്തത് മകനെ കൊണ്ട് സാധിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നു.
താന്‍ മത്സരിച്ചപ്പോഴും, തന്റെ മകന്‍ മത്സരിക്കുമ്പോഴും മുസ്‌ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി കുഞ്ഞാലിക്കുട്ടി തന്നെയാണെന്നും ഇത് മുസ്‌ലിം ലീഗിന്റെ അപചയമാണെന്നും സക്കരിയ പറഞ്ഞു. ഇനി സാനുവിന്റെ മകന്‍ മത്സരിച്ചാലും മുസ്‌ലിം ലീഗ് കുഞ്ഞാലിക്കുട്ടിയെ മാത്രമേ മത്സരിപ്പിക്കൂ എന്ന് സംശയിക്കേണ്ടിയിരിക്കുന്നതായും അദ്ദേഹം പരിഹസിച്ചു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ മാധ്യമങ്ങളോടായിരുന്നു വിപി സക്കരിയ പ്രതികരിച്ചത്.
1991ല്‍ തന്റെ 34ാം വയസ്സിലാണ് കുഞ്ഞാലിക്കുട്ടിയോട് സക്കരിയ പരാജയപ്പെട്ടത്. കുറ്റിപ്പുറം നിയസഭ മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടിയോട് പരാജയപ്പെട്ടത് 22536 വോട്ടുകള്‍ക്കായിരുന്നു.
പിതാവ് മത്സരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിക്കേണ്ടി വന്നത് ചരിത്രത്തിന്റെ കാവ്യ നീതിയെന്നായിരുന്നു വിപി സാനു മാധ്യമങ്ങളോട് പ്രതികരിച്ചത്. എസ്എഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായ സാനു വിദ്യാര്‍ത്ഥി രാഷട്രീയത്തിലൂടൊണ് പൊതുരംഗത്തേക്ക് കടന്നുവരുന്നത്. ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥി പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് സാനു. പിതാവിന്റെ ആഗ്രഹം പൂര്‍ത്തീകരിക്കുകയെന്നുള്ളത് സാനുവിന് വലിയ കടമ്പ തന്നെയാണ്.