തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് അഞ്ച് ജില്ലകളിൽ ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. കർശന കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ്. ചിലയിടങ്ങളിൽ വോട്ടിംഗ് മെഷീനിലെ തകരാര്‍ മൂലം പോളിംഗ് തടസ്സപ്പെട്ടു.
ആലപ്പുഴയില്‍ നാല് ബൂത്തുകളില്‍ വോട്ടിംഗ് മെഷീനില്‍ തകരാര്‍. സീ വ്യൂ വാർഡിലെ രണ്ടു ബൂത്തുകളിലും പാണ്ടനാട് പഞ്ചായത്തിലെ പത്താം വാര്‍ഡിലെ ബൂത്തിലും പള്ളിപ്പാട് പഞ്ചായത്തിലെ ഒരു ബൂത്തിലുമാണ് പോളിംഗ് തടസ്സപ്പെട്ടത്. എത്രയും പെട്ടെന്ന് വോട്ടിംഗ് മെഷീനിലെ തകരാര്‍ പരിഹരിച്ച് വോട്ടെടുപ്പ് തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.
തിരുവനന്തപുരത്ത് പേട്ട ഗവണ്‍മെന്‍റ് ഹയർ സെക്കന്‍ററി സ്കൂളിലെ മൂന്ന് പോളിംഗ് മെഷീന്‍ തകരാറിലായി. ബാക്കി എല്ലായിടത്തും പോളിംഗ് പുരോഗമിക്കുകയാണ്. രാവിലെ തന്നെ ബൂത്തുകളില്‍ നല്ല തിരക്കുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. ക്യൂവിൽ ആറടി അകലം പാലിക്കണം. മാസ്കും സാനിറ്റൈസറും നിർബന്ധമാണ്. ഒരു സമയം ബൂത്തിൽ മൂന്ന് വോട്ടർമാരെ മാത്രമേ പ്രവേശിപ്പിക്കൂ.
395 തദ്ദേശ സ്ഥാപനങ്ങളിൽ 6910 വാർഡുകളിലേക്ക് 88,26,873 വോട്ടർമാർ വിധിയെഴുതും. ആകെ വോട്ടർമാരിൽ 41,58,395 പുരുഷന്മാരും 46,68,267 സ്ത്രീകളും 61 ട്രാൻസ്‌ജെൻഡേഴ്‌സുമാണ് ഒന്നാം ഘട്ടത്തിലുള്ളത്. 150 പ്രവാസി ഭാരതീയരുമുണ്ട്. 42,530 പേർ കന്നി വോട്ടർമാരാണ്. 11,225 പോളിംഗ് ബൂത്തുകളും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 56,122 ഉദ്യോഗസ്ഥരെയും സജ്ജമാക്കി. 320 പ്രശ്നസാദ്ധ്യത ബൂത്തുകളിൽ വെബ്കാസ്റ്റിംഗ് ഏർപ്പെടുത്തി. തിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ: തിരുവനന്തപുരം- 1727, കൊല്ലം- 1596, പത്തനംതിട്ട- 1042, ആലപ്പുഴ- 1564, ഇടുക്കി- 981.
പോളിംഗ് സാമഗ്രികളുടെ വിതരണം തിങ്കളാഴ്ച നടന്നു. കൊല്ലം ജില്ലയിലെ പന്മന ഗ്രാമപ്പഞ്ചായത്തിൽ രണ്ട് വാർഡുകളിലും ആലപ്പുഴ ചെട്ടികുളങ്ങര ഗ്രാമപ്പഞ്ചായത്തിലെ ഒരു വാർഡിലും സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റി.
Read more
വ്യാഴാഴ്ച രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ പരസ്യ പ്രചാരണം ഇന്ന് വൈകീട്ട് ആറിനു സമാപിക്കും. ബാക്കി നാല് ജില്ലകളിൽ 14-നാണ് തിരഞ്ഞെടുപ്പ്.