സി.എ.എ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തുമ്പോള്‍ ലീഗിന് എന്തിനാണ് പൊള്ളുന്നത്?; പദയാത്രയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ വി.പി സാനു

മലപ്പുറം മക്കരപറമ്പില്‍ ‘വാക് വിത്ത് സാനു’ പദയാത്രക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി വിപി സാനു. സിഎഎ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തുമ്പോള്‍ ലീഗിന് പൊള്ളുന്നതെന്തിനെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാവുന്നില്ലെന്നായിരുന്നു സാനുവിൻറെ പ്രതികരണം.

ജാഥയിലെ അമ്പരിപ്പിക്കുന്ന പങ്കാളിത്തവും വഴിയിലുടനീളം ലഭിച്ച സ്വീകരണങ്ങളും കണ്ട് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ വിറളി പിടിച്ചെന്നും സാനു പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയാണ് പ്രതികരണം.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം; 

ഇന്നലെ എന്‍ആര്‍സി- സിഎഎ വിരുദ്ധ സമരം കൂടിയായി മാറിയ ‘വാക് വിത്ത് സാനു’ പദയാത്രക്ക് നേരെ മക്കരപ്പറമ്പില്‍ വെച്ച് മുസ്ലിം ലീഗ് ഗുണ്ടകളുടെ ആക്രമണമുണ്ടായി. ജാഥയിലെ അമ്പരപ്പിക്കുന്ന പങ്കാളിത്തവും വഴിലുടനീളം ലഭിച്ച സ്വീകരണങ്ങളും കണ്ട് വിറളിപിടിച്ച മുസ്ലിം ലീഗ് ഗുണ്ടകള്‍ ജാഥയ്ക്ക് നേരെ വാഹനമിടിച്ച് കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. നാലോളം പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സിഎഎ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തുമ്പോള്‍ ലീഗിന് പൊള്ളുന്നതെന്തിനെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാവുന്നില്ല ?

Read more

മതത്തിന്റെ പേരില്‍ പൗരത്വം നിര്‍ണയിക്കുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തോടുള്ള പ്രതിഷേധം രേഖപ്പെടുത്തുകയെന്നത് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തേക്കാള്‍ വലുതാണെന്ന് എന്നാണ് ലീഗ് നേതൃത്വം മനസിലാക്കുക. പരാജയഭീതി പൂണ്ടുള്ള മുസ്ലിം ലീഗ് ആക്രമണത്തെ ജനം തിരിച്ചറിയുന്നുണ്ട്. നിങ്ങളെ ഈ നാട് ഒറ്റപ്പെടുത്തുക തന്നെ ചെയ്യും.