മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് വിഎസ് അച്യുതാനന്ദന്റെ മകന്‍ വിഎ അരുണ്‍കുമാര്‍ കോടതിയില്‍ ഹാജരായി. കോഴിക്കോട് വിജിലന്‍സ് കോടതിയിലാണ് അരുണ്‍ കുമാര്‍ ഹാജരായത്. വിഎസിന് കോടതിയില്‍ ഹാജരാകാന്‍ സാധിക്കാത്ത ആരോഗ്യ നിലയാണെന്ന് അരുണ്‍ കുമാര്‍ കോടതിയെ അറിയിച്ചു.
എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ അഞ്ച് കേസുകള്‍ അവസാനിപ്പിക്കണമെന്ന് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേസ് അവസാനിപ്പിക്കുന്നതില്‍ ആക്ഷേപം ഉണ്ടെങ്കില്‍ അറിയിക്കാന്‍ ആവശ്യപ്പെട്ട് കോടതി വിഎസിന് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.
വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ആക്ഷേപമുണ്ടോയെന്ന കാര്യത്തില്‍ കോടതിയില്‍ നിലപാട് അറിയിച്ചിട്ടില്ലെന്ന് അരുണ്‍ കുമാര്‍ പറഞ്ഞു. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം മാത്രമേ തീരുമാനം എടുക്കാന്‍ സാധിക്കൂ എന്നും, നിലവില്‍ വിഎസിന്റെ ആരോഗ്യനിലയ്ക്ക് അതിന് സാധിക്കില്ലെന്നും അരുണ്‍ കുമാര്‍ വ്യക്തമാക്കി.
തൃശൂര്‍ വിജിലന്‍സ് കോടതിയാണ് നോട്ടീസ് അയച്ചത്. ഉന്നതരുടെ സഹായത്തോടെ എസ്എന്‍ഡിപി ശാഖകള്‍ വഴി 15 കോടിയിലധികം രൂപയുടെ ക്രമക്കേട് നടത്തിയെന്നായിരുന്നു വിഎസിന്റെ പരാതി. ഇത് കൂടാതെ പിന്നോക്ക ക്ഷേമ കോര്‍പ്പറേഷനില്‍ നിന്നെടുത്ത വായ്പ ഉയര്‍ന്ന പലിശ നിരക്കില്‍ നല്‍കി തട്ടിപ്പ് നടത്തിയതായും പരാതിയില്‍ ആരോപിച്ചിരുന്നു.
സംസ്ഥാനത്ത് ആകെ ഇതുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷിച്ച 124 കേസുകളില്‍ അഞ്ച് കേസുകള്‍ റദ്ദ് ചെയ്യാനാണ് തീരുമാനമായത്. 54 കേസുകളില്‍ അന്വേഷണം അവസാന ഘട്ടത്തിലാണ്. വായ്പയായി നല്‍കിയ പണം സര്‍ക്കാരിലേക്ക് തിരിച്ചടച്ചുവെന്നും പണം താഴെ തട്ടിലേക്ക് കൈമാറിയതില്‍ ക്രമക്കേട് കണ്ടെത്താനായിട്ടില്ലെന്നുമാണ് വിജിലന്‍സ് കോടതിയെ അറിയിച്ചത്.