"ചാരവൃത്തിക്കേസിൽ തനിനിറം എന്ന മഞ്ഞപ്പത്രത്തിന് തൊട്ടുപിന്നാലെ ആക്രാന്തത്തോടെ പാഞ്ഞടുത്ത പത്രം ദേശാഭിമാനി": വി. ടി ബൽറാം

മാധ്യമ പ്രവർത്തകർക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തിപരമായ പ്രചാരണങ്ങളുമായി സി.പി.എം അണികൾ രംഗത്തെത്തിയത് വിവാദമായിരുന്നു. ഇതേ ചൊല്ലിയുള്ള തർക്കവിതർക്കങ്ങൾ വലിയ രീതിയിൽ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ചാരവൃത്തിക്കേസിൽ മനോരമ അടക്കമുള്ള മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാടിനെ മുന്‍നിര്‍ത്തിയും സി.പി.എം പക്ഷം വിമർശനം ഉന്നയിച്ചിരുന്നു. അതേസമയം ചാരവൃത്തിക്കേസിൽ തനിനിറം എന്ന മഞ്ഞപ്പത്രത്തിന് തൊട്ടുപിന്നാലെ ആക്രാന്തത്തോടെ പാഞ്ഞടുത്ത ആദ്യ മുഖ്യധാരാ പത്രം ദേശാഭിമാനിയാണെന്ന് കോൺഗ്രസ് എം.എൽ.എ വി.ടി ബൽറാം ആരോപിച്ചു. നമ്പി നാരായണൻ്റെ പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി വി.ടി ബൽറാം തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞത്.

വി.ടി ബൽറാമിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

1994 ഒക്ടോബർ 20ന് തനിനിറം
ഒക്ടോബർ 21ന് ദേശാഭിമാനി
ഒക്ടോബർ 23ന് കേരളകൗമുദി
നവംബർ 13ന് മറിയം റഷീദയുടെ അറസ്റ്റ്
തുടർന്ന് കേരളത്തിലെ എല്ലാ പത്രങ്ങളും

ഇങ്ങനെയാണ് ചാരക്കേസ് റിപ്പോർട്ടിംഗിൻ്റെ നാൾവഴികൾ എന്ന് നമ്പി നാരായണൻ്റെ പുസ്തകത്തിൻ്റെ ആമുഖം പറയുന്നു. തനിനിറം എന്ന മഞ്ഞപ്പത്രത്തിന് തൊട്ടുപിന്നാലെ ഈ വാർത്തക്ക് പിന്നാലെ ആക്രാന്തത്തോടെ പാഞ്ഞടുത്ത ആദ്യ മുഖ്യധാരാ പത്രം ദേശാഭിമാനി തന്നെയാണ് എന്നർത്ഥം.

എന്നാൽ ഈയടുത്ത ദിവസം വരെ കേരളത്തിൽ നിലനിന്നിരുന്ന പൊതുബോധമോ? എല്ലാം തുടങ്ങി വെച്ചതും ആദ്യാവസാനം കൊണ്ടു നടന്നതും മനോരമ, എന്നാൽ തുടക്കം മുതൽ ഉദാത്തമായ പത്രപ്രവർത്തന മാതൃകയുമായി നിലനിന്ന ഏക പത്രം ദേശാഭിമാനി എന്ന നിലക്കല്ലേ? യഥാർത്ഥത്തിൽ ചാരവൃത്തിക്കേസ് എന്ന അധ്യായം തുറന്നത് തന്നെ തങ്ങളാണെന്ന് ദേശാഭിമാനി സ്വയം അവകാശപ്പെടുന്നുമുണ്ടായിരുന്നു തുടക്കം മുതൽ. എന്നാൽ പിന്നീട് കേസ് ബൂമറാംഗ് ആയപ്പോൾ നൈസായി ദേശാഭിമാനി കൈകഴുകി. എല്ലാം മനോരമയുടെ തലയിൽ എടുത്തു വെച്ചു.

ഇതാണ് ആടിനെ പട്ടിയാക്കുകയും പട്ടിയെ ആട്ടിൻതോലണിയിക്കുകയും ചെയ്യുന്ന സിപിഎമ്മിൻ്റെ ചരിത്ര വക്രീകരണങ്ങൾ. ഏതെങ്കിലും സംഭവം ക്ലിക്ക് ആയാൽ ക്രഡിറ്റ് അടിച്ചുമാറ്റാൻ ഒരു മടിയുമില്ല. വീഴ്ച വന്നാലോ ഞാനൊന്നുമറിഞ്ഞില്ല രാമനാരായണാ എന്നാണ് ഭാവം. ശക്തമായ പ്രചാരണ മെഷീനറികൾ വച്ച് തങ്ങൾക്കനുകൂലമായ പൊതുബോധം സൃഷ്ടിച്ചെടുക്കാൻ സിപിഎമ്മിന് എന്നും നല്ല മിടുക്കുണ്ട്. കോവിഡ് പ്രതിരോധം എന്ന മാരത്തൺ ഓട്ടത്തിൻ്റെ ആദ്യ നൂറ് മീറ്റർ ഓടിത്തീർന്നപ്പോഴേക്കും ക്രെഡിറ്റ് വാങ്ങിയെടുക്കാനുള്ള വ്യഗ്രത അന്താരാഷ്ട്ര തലത്തിലേക്കാണ് നീണ്ടത്. എന്നാൽ പിന്നീട് കാര്യങ്ങൾ കൈവിട്ടു പോകുന്നു എന്ന് തോന്നിത്തുടങ്ങിയപ്പോൾ സർക്കാരിൻ്റെ വിമർശകരെ മരണത്തിൻ്റെ വ്യാപാരികളെന്നും കൊറോണ മുന്നണിയെന്നുമൊക്കെ ആക്ഷേപിച്ച് സ്വയം കൈകഴുകാനാണ് ശ്രമം.

1989 ജൂൺ 11-നാണ് ഹിമാചൽപ്രദേശിലെ പാലംപൂരിൽ വെച്ച് ഹിന്ദുത്വം എന്ന സവർക്കറുടെ ആശയം ബിജെപിയുടെ ഔദ്യോഗിക പ്രത്യയശാസ്ത്രമായി സ്വീകരിക്കപ്പെടുന്നത്. അയോദ്ധ്യയിലെ ബാബറി മസ്ജിദ് നിർമ്മിച്ചിരിക്കുന്നത് അവിടെയുണ്ടായിരുന്ന ക്ഷേത്രം തകർത്താണെന്നും അതിനാൽ അതേ സ്ഥലത്ത് ക്ഷേത്രം നിർമ്മിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്നും ബിജെപി പ്രഖ്യാപിക്കുന്നതും ഈ പാലംപൂർ പ്രമേയത്തിലാണ്. എന്നാൽ ഈ പരസ്യ പ്രഖ്യാപനത്തിൻ്റെ മഷിയുണങ്ങുന്നതിനു മുമ്പാണ് ഇഎംഎസും ജ്യോതി ബസുവുമൊക്കെ ച്ചേർന്ന് ബിജെപിയുമായി കൈകോർത്തതും അവരെ ഇന്ത്യയുടെ ഭരണത്തിൽ പങ്കാളികളാക്കിയതും. രഥയാത്ര നടത്താനും വിഷയം വർഗീയമായി ആളിക്കത്തിക്കാനും അധികം വൈകാതെ ബാബറി മസ്ജിദ് തകർക്കാനുമൊക്കെ ബിജെപിക്ക് കരുത്തു പകർന്നത് ഇത്തരം കൂട്ടുകെട്ടുകളിലൂടെ ലഭിച്ച രാഷ്ട്രീയ അംഗീകാരമായിരുന്നു. എന്നിട്ടും ഇപ്പോൾ അയോദ്ധ്യ വിഷയം ചർച്ച ചെയ്യുമ്പോൾ എത്ര നിഷ്ക്കളങ്കമായാണ് സിപിഎമ്മുകാർ അയ്യോപാവം നടിക്കുന്നത്!

സോഷ്യൽ മീഡിയയിൽ സൈബറാക്രമണം തുടങ്ങിവെച്ചത് ആരാണെന്നതിനെ കുറിച്ച് പുതിയ ചില തിയറികൾ സിപിഎമ്മിൻ്റെ ഫെയ്സ്ബുക്ക് ബ്രാഞ്ച് കമ്മിറ്റിക്കാരും ഡിവൈഎഫ്ഐയിലെ “യുവ” നേതാക്കളും അവതരിപ്പിക്കാൻ നോക്കുകയാണ്. രാഷ്ട്രീയ എതിരാളികളെ ഏറ്റവും ഹീനമായി തെരുവുകളിലും സോഷ്യൽ മീഡിയ ചുവരുകളിലും ഒരുപോലെ അധിക്ഷേപിക്കുകയും വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്തതിൻ്റെ ചരിത്രങ്ങളെല്ലാം കേരളത്തിൻ്റെ ഓർമ്മയിൽ നിന്നും പൂർണ്ണമായി മാഞ്ഞു പോയിട്ടുണ്ടെന്ന് സിപിഎം തെറ്റിദ്ധരിച്ചു കളയരുത്.

അതൊക്കെ ഞങ്ങൾ എണ്ണിയെണ്ണി ഓർമ്മപ്പെടുത്തണോ?

ഓർമ്മപ്പെടുത്തണോന്ന്?

https://www.facebook.com/vtbalram/posts/10157896757299139

Latest Stories

"എന്റെ മകന് വേണ്ടി എല്ലാവരും കാത്തിരിക്കുകയാണ്, ഉടൻ തന്നെ തിരിച്ച് വരും"; നെയ്മറിന്റെ പിതാവിന്റെ വാക്കുകൾ ഇങ്ങനെ

ബിജെപിയിലെ അസംതൃപ്തരെ സ്വാഗതം ചെയ്ത് സന്ദീപ് വാര്യർ; രാഷ്ട്രീയമായി അനാഥമാവില്ലെന്ന് കുറിപ്പ്

അഖില്‍ അക്കിനേനിക്ക് വീണ്ടും വിവാഹനിശ്ചയം; നാഗചൈതന്യയുടെ വിവാഹത്തിന് മുമ്പ് പുതിയ വിശേഷം

നാട്ടികയിൽ 5 പേരുടെ മരണത്തിനിടയാക്കിയ ലോറി അപകടം; കുറ്റം സമ്മതിച്ച് പ്രതികൾ

ബജ്രംഗ് പൂനിയയ്ക്ക് നാല് വര്‍ഷം വിലക്ക്

സങ്കടം സഹിക്കാനാവാതെ മുഹമ്മദ് സിറാജ്; തൊട്ട് പിന്നാലെ ആശ്വാസ വാക്കുകളുമായി ആർസിബി; സംഭവം ഇങ്ങനെ

'ബാലറ്റ് പേപ്പറുകൾ തിരികെ കൊണ്ടുവരാൻ ഭാരത് ജോഡോ യാത്രപോലെ രാജ്യവ്യാപക ക്യാംപെയ്ൻ നടത്തും'; ഖാർഗെ

'നാണക്കേട്': ഐപിഎല്‍ മെഗാ ലേലത്തില്‍ വില്‍ക്കപ്പെടാതെ പോയതിന് ഇന്ത്യന്‍ താരത്തെ പരിഹസിച്ച് മുഹമ്മദ് കൈഫ്

'ദ വയറിന്റെ റിപ്പോർട്ട് തെറ്റിദ്ധാരണാജനകം'; മഹാരാഷ്ട്രയിലെ അഞ്ച് ലക്ഷം അധിക വോട്ട് ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ഇന്ത്യന്‍ സൂപ്പര്‍ താരത്തിന് രണ്ടാം ടെസ്റ്റ് നഷ്ടമായേക്കും