സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ഡി.പി.ആര്‍ തയാറാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത് 22 കോടി രൂപയെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ പരിഹാസവുമായി മുന്‍ എം.എല്‍.എയും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ വി.ടി. ബല്‍റാം. ഭാവനാ സൃഷ്ടിക്ക് പൊതു ഖജനാവില്‍ നിന്ന് നല്‍കുന്നത് 22 കോടി രൂപയാണെന്നും അദ്ദേഹം പറഞ്ഞു.
‘യാതൊരു സാങ്കേതികാടിത്തറയും ഇല്ലാതെ ഊഹക്കണക്കും ഗൂഗിള്‍മാപ്പും ഉപയോഗിച്ച് വീട്ടില്‍ വെച്ച് തയ്യാറാക്കിയ ഭാവനാ സൃഷ്ടിക്ക് പൊതു ഖജനാവില്‍ നിന്ന് നല്‍കുന്നത് 22 കോടി രൂപ!
1000 പേജോളം ഉണ്ടത്രേ. ആര്‍ക്കും വേണ്ടാത്ത ആ റിപ്പോര്‍ട്ടില്‍. അതിനാണീ 22 കോടി. അതായത് ഒരു പേജിന് ഏതാണ്ട് രണ്ടേ കാല്‍ ലക്ഷം രൂപ.
ഈ സര്‍ക്കാര്‍ ശുദ്ധ സാഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ഇനിയുമാരും പറയരുത്,’ വി.ടി. ബല്‍റാം എഴുതി.
ഡി.പി.ആര്‍ തയാറാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത് 22 കോടി രൂപ എന്ന വാര്‍ത്തയുടെ പോസ്റ്റര്‍ പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ.എസ്. ശബരിനാഥും സമാന വിമര്‍ശനമുന്നയിച്ചിരുന്നു.
അതേസമയം, സില്‍വര്‍ ലൈനിന് ഇപ്പോള്‍ അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരളം നല്‍കിയ ഡി.പി.ആര്‍ പൂര്‍ണമല്ലെന്നും പരിസ്ഥിതി പഠനം നടത്തിയിട്ടില്ലെന്നും കേന്ദ്രം അറിയിച്ചിരുന്നു.
റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവാണ് പാര്‍ലമെന്റില്‍ കേന്ദ്ര നിലപാട് പറഞ്ഞത്. സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. സാമൂഹിക ആഘാത പഠനത്തിനുള്ള നടപടികള്‍ മാത്രമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും റെയില്‍വെ മന്ത്രി അറിയിച്ചിരുന്നു.