'ഹീനമായ വ്യക്തിഹത്യയുടെ സര്‍വകാല റെക്കോഡാണ് സി.പി.എമ്മിനും അതിന്റെ നേതാക്കള്‍ക്കുമുള്ളത്, പരദൂഷണമായിരുന്നു എക്കാലത്തും അവരുടെ രാഷ്ട്രീയ പ്രവര്‍ത്തനം ' വിമര്‍ശിച്ച് വി.ടി ബല്‍റാം

ഹീനമായ വ്യക്തിഹത്യ രാഷ്ട്രീയത്തിന്റെ ചരിത്രമാണ്് എക്കാലവും സി പി എമ്മിനും കമ്യുണിസ്റ്റ് നേതാക്കള്‍ക്കുമുള്ളതെന്ന് കെ പി സി സി അധ്യക്ഷന്‍ വി ടി ബലറാം. സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്ക് സി ബി ഐ ക്‌ളീന്‍ ചിറ്റ് നല്‍കിയതുമായി ബന്ധപ്പെട്ടിട്ട ഫേസ് ബുക്ക് പോസ്റ്റിലാണ് സി പി എമ്മിന്റെ രാഷ്ട്രീയ അധാര്‍മികതയെ അതിരൂക്ഷമായി ഭാഷയില്‍ വി ടി ബല്‍റാം വിമര്‍ശിച്ചത്.

എതിര്‍പക്ഷത്ത് നില്‍ക്കുന്നവര്‍ക്ക് നേരെ ഹീനമായ വ്യക്തിഹത്യ നടത്തുന്നതിന്റെ സര്‍വ്വകാല റെക്കോര്‍ഡ് സിപിഎമ്മിനും അതിന്റെ നേതാക്കള്‍ക്കുമാണ്. സോഷ്യല്‍ മീഡിയയൊക്കെ ഉണ്ടാവുന്നതിനും എത്രയോ മുമ്പ് തൊട്ട് ഇവിടത്തെ കമ്മ്യൂണിസ്റ്റുകള്‍ തെരുവില്‍ തുടക്കം കുറിച്ചതാണ് ഇത്തരം ‘മാതൃക’കള്‍ക്ക്. പോസ്റ്ററൊട്ടിച്ചും ബാനര്‍ തൂക്കിയും ഫള്ക്‌സ് ബോര്‍ഡുയര്‍ത്തിയും കഴിയാവുന്നിടത്തൊക്കെ നടത്തുന്ന പരദൂഷണമായിരുന്നു എക്കാലത്തും സിപിഎമ്മിന്റെ ‘രാഷ്ട്രീയ പ്രവര്‍ത്തനം’. എതിര്‍ രാഷ്ട്രീയ ചേരിയിലുള്ളവര്‍ മാത്രമല്ല, സ്വന്തം മുന്നണിയിലെ സഹോദര സംഘടനാ നേതാക്കള്‍ വരെ ഇരകളാക്കപ്പെട്ട സിപിഎമ്മിന്റെ സ്മിയര്‍ ക്യാംപയിനുകള്‍ സ്വന്തം പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകര്‍ക്ക് നേരെ ഒളിക്യാമറ വയ്ക്കുന്നത് വരെ എത്തിയിട്ടുണ്ട് പലപ്പോഴുമെന്നും വി ടി ബലറാം പറയുന്നു. സി പി എം ഉയര്‍ത്തിയ അടിസ്ഥാനമില്ലാത്ത ദുരാരോപണങ്ങള്‍ നേരിടേണ്ടി വന്ന പൊതു പ്രവര്‍ത്തകരോട് മാപ്പു പറയാന്‍ സിപിഎം തയ്യാറാവുമോ എന്നും ബലറാം ഫേസ് ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

ബലറാമിന്റെ എഫ് ബി പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

രാഷ്ട്രീയ എതിരാളികളെ വ്യക്തിപരമായി ആക്ഷേപിക്കരുതെന്ന് പറഞ്ഞ് ബാക്കിയുള്ളവര്‍ക്കെല്ലാം എപ്പോഴും ധാര്‍മ്മികതാ ക്ലാസെടുക്കുന്ന സിപിഎമ്മുകാര്‍ അധികമൊന്നും പഴയതല്ലാത്ത ഒരു കാലത്ത് നടത്തിയ ഒരു വലിയ ‘രാഷ്ട്രീയ സമര’ത്തിന്റെ ചിത്രങ്ങളാണിവ.
എതിര്‍പക്ഷത്ത് നില്‍ക്കുന്നവര്‍ക്ക് നേരെ ഹീനമായ വ്യക്തിഹത്യ നടത്തുന്നതിന്റെ സര്‍വ്വകാല റെക്കോര്‍ഡ് സിപിഎമ്മിനും അതിന്റെ നേതാക്കള്‍ക്കുമാണ്. സോഷ്യല്‍ മീഡിയയൊക്കെ ഉണ്ടാവുന്നതിനും എത്രയോ മുമ്പ് തൊട്ട് ഇവിടത്തെ കമ്മ്യൂണിസ്റ്റുകള്‍ തെരുവില്‍ തുടക്കം കുറിച്ചതാണ് ഇത്തരം ‘മാതൃക’കള്‍ക്ക്. പോസ്റ്ററൊട്ടിച്ചും ബാനര്‍ തൂക്കിയും ഫ്‌ലക്‌സ് ബോര്‍ഡുയര്‍ത്തിയും കഴിയാവുന്നിടത്തൊക്കെ നടത്തുന്ന പരദൂഷണമായിരുന്നു എക്കാലത്തും സിപിഎമ്മിന്റെ ‘രാഷ്ട്രീയ പ്രവര്‍ത്തനം’. എതിര്‍ രാഷ്ട്രീയ ചേരിയിലുള്ളവര്‍ മാത്രമല്ല, സ്വന്തം മുന്നണിയിലെ സഹോദര സംഘടനാ നേതാക്കള്‍ വരെ ഇരകളാക്കപ്പെട്ട സിപിഎമ്മിന്റെ സ്മിയര്‍ ക്യാംപയിനുകള്‍ സ്വന്തം പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകര്‍ക്ക് നേരെ ഒളിക്യാമറ വയ്ക്കുന്നത് വരെ എത്തിയിട്ടുണ്ട് പലപ്പോഴും.
പ്രതിപക്ഷത്തിരിക്കുമ്പോ രാഷ്ട്രീയ നേട്ടത്തിന് ആരോപണമുന്നയിച്ചത് മാത്രമല്ല, പിന്നീട് ഭരണത്തില്‍ വന്നപ്പോള്‍ ഒരു ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തട്ടിപ്പുകാരിയായ ഒരു സ്ത്രീയില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതി എഴുതി വാങ്ങി അത് നേരെ സിബിഐക്ക് വിട്ട് കേസെടുപ്പിക്കുക കൂടി ചെയ്തു പിണറായി വിജയന്‍ സര്‍ക്കാര്‍. പിന്നീട് നിരവധി തെരഞ്ഞെടുപ്പുകളില്‍ ഇതേ വിഷയം പ്രചരണായുധമാക്കുകയും ചെയ്തു അവര്‍.
എന്നിട്ടിപ്പോ ആ കേസൊക്കെ എന്തായി എന്ന് കേരളത്തോട് പറയാന്‍ സിപിഎം തയ്യാറാവുമോ? നിങ്ങളുയര്‍ത്തിയ അടിസ്ഥാനമില്ലാത്ത ദുരാരോപണങ്ങള്‍ നേരിടേണ്ടി വന്ന പൊതു പ്രവര്‍ത്തകരോട് മാപ്പു പറയാന്‍ സിപിഎം തയ്യാറാവുമോ?