വൈപ്പിന്‍ കോളജിലെ സംഘര്‍ഷത്തില്‍ ഞാറയ്ക്കല്‍ സി.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.ഐ നടത്തിയ മാര്‍ച്ചില്‍ അക്രമം. മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ പോലീസ് ലാത്തിവീശി.
ലാത്തിച്ചാര്‍ജില്‍ എം.എല്‍.എ എല്‍ദോ എബ്രഹാമിന് പരിക്കേറ്റു. പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചു. കൊച്ചി റേഞ്ച് ഡി. ഐ.ജി ഓഫീസിലേക്ക് സി.പി.ഐ നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്.
വൈപ്പിന്‍ കോളജിലെ സംഘര്‍ഷത്തില്‍ ഞാറയ്ക്കല്‍ സി.ഐ നടപടി സ്വീകരിച്ചില്ലെന്നും പക്ഷപാതപരമായി പെരുമാറുകയാണെന്നും ആരോപിച്ചാണ് സി.പി.ഐ ഡി.ഐ.ജി ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. സി.പി.ഐ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും ഇരുന്നൂറോളം പ്രവര്‍ത്തകരും മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു.
വൈപ്പിന്‍ കോളജില്‍ കഴിഞ്ഞ ദിവസം എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.
ഇതില്‍ പരിക്കേറ്റ എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ സന്ദര്‍ശിക്കാനെത്തിയ സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജുവിനെ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഇതോടെയാണ് സി.പി.എം – സി.പി.ഐ ബന്ധത്തില്‍ ഉലച്ചിലുണ്ടായത്.